വിനോദസഞ്ചാരികൾക്ക് ആശ്വാസം ; ഫോർട്ട് കൊച്ചിയിൽ ട്രാവൽ ലോഞ്ച് ഒരുങ്ങും


ജെയ്സൻ ഫ്രാൻസിസ്
Published on Oct 10, 2025, 04:04 AM | 1 min read
കൊച്ചി
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലൊന്നായ ഫോർട്ട് കൊച്ചിയിൽ ട്രാവൽ ലോഞ്ച് നിർമിക്കാൻ വിനോദസഞ്ചാരവകുപ്പ്. വിദേശ, ആഭ്യന്തര സഞ്ചാരികൾക്കും സന്ദർശകർക്കും പ്രയോജനപ്രദമാകും വിധത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിൽ ട്രാവൽ ലോഞ്ച് നിർമിക്കാനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായാണ് വിനോദസഞ്ചാരകേന്ദ്രത്തിൽ ഇത്തരം ട്രാവൽ ലോഞ്ച് സജ്ജമാക്കുന്നത്.
കഫേ, ക്ലോക്ക്‌റൂം, ശുചിമുറി എന്നിവയടങ്ങിയതാകും ട്രാവൽ ലോഞ്ച്. വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ അഭിരുചികളും താൽപ്പര്യങ്ങളും കണക്കിലെടുത്ത വിഭവങ്ങള്‍ കഫേയിലൊരുക്കും. ആധുനികമായി നിര്‍മിക്കുന്ന ശുചിമുറി, ഭിന്നശേഷി സൗഹൃദമായിരിക്കും. ട്രാവൽ ലോഞ്ചിന്റെ ഘടന, സൗകര്യങ്ങൾ, സംവിധാനങ്ങൾ എന്നിവയിൽ അന്തിമതീരുമാനം വൈകാതെയുണ്ടാകും.
കോർപറേഷനുകീഴിലുള്ള വെളി ഗ്രൗണ്ടാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഇതിനുവേണ്ടി കോർപറേഷനുമായി കൂടിയാലോചന നടന്നു. സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രൂപകൽപ്പനയാകും ട്രാവൽ ലോഞ്ചിന്റേത്. സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമായശേഷം വിശദ പദ്ധതിരേഖ തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കും. വിവിധ രാജ്യങ്ങളിൽനിന്നും കേരളത്തിന് പുറത്തുനിന്നും നിരവധിപേരാണ് ഫോര്‍ട്ട് കൊച്ചിയില്‍ സന്ദർശകരായെത്തുന്നത്.
ടൂറിസംവകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വിദേശ, വിനോദസഞ്ചാരികൾ വരുന്നത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞവർഷം 2,68,614 വിദേശ, 43,29,536 ആഭ്യന്തര സഞ്ചാരികൾ ജില്ലയിലെത്തിയിരുന്നു. കൊച്ചി നഗരത്തിൽ 31,53,301 ആഭ്യന്തര വിനോദസഞ്ചാരികളും 1,93,270 വിദേശസഞ്ചാരികളുമാണ് എത്തിയത്. ഫോർട്ട് കൊച്ചിയിൽ 36,220 വിദേശസഞ്ചാരികളാണ് എത്തിയത്. ഇൗ വർഷം മുൻവർഷത്തേക്കാൾ കൂടുതൽപേർ ജില്ലയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. വിനോദസഞ്ചാരവകുപ്പ് കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കും.










0 comments