ad
Deshabhimani

പൂതയിൽ പാലം നിർമാണം വേഗത്തിലാക്കണം

ചേന്ദമംഗലം കവലയിൽ 
വൻ ഗതാഗതക്കുരുക്ക്

traffic jam

ചേന്ദമംഗലം കവലയിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Aug 09, 2026, 02:01 AM | 1 min read

പറവൂർ​


പറവൂർ പട്ടണത്തിലേക്കുള്ള പ്രധാനകവാടമായ ചേന്ദമംഗലം കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തിലെ ജനങ്ങളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുന്നു. പകൽ മുഴുവൻ നീണ്ട വാഹനനിരയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതോടെ ആലുവ ഭാഗത്തുനിന്ന്‌ പറവൂർ പട്ടണത്തിലൂടെയുള്ള യാത്ര ദുഷ്കരമായി.


ആലുവ ഭാഗത്തുനിന്ന് പട്ടണത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പള്ളിത്താഴംവരെ നീണ്ടനിരയായി കിടക്കുമ്പോൾ ആലുവ ഭാഗത്തേക്ക് തിരിച്ചും, ചേന്ദമംഗലം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ കച്ചേരിപ്പടിവരെയും, ചേന്ദമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഗാലക്സി ഹോട്ടലിന് മുന്നിൽവരെയും തെക്ക് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുല്ലംകുളം റോഡിലുമാണ് കുടുങ്ങിക്കിടക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് പലർക്കും ലക്ഷ്യസ്ഥാനങ്ങളിലെത്താനാകുന്നത്.


ആലുവ ഭാഗത്തുനിന്ന് ചേന്ദമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് സിഗ്നലിന്റെ സമയം കുറവായതിനാൽ വലത്തോട്ട് തിരിയാൻ മതിയായ സമയം കിട്ടുന്നില്ല. ഇതുമൂലം വാഹനങ്ങൾ നേരെ കച്ചേരിപ്പടി ഭാഗത്തേക്ക് പോയി തിരികെവന്ന് ചേന്ദമംഗലത്തേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. ഇത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു.


അതേസമയം, ചേന്ദമംഗലം കവലയിൽനിന്ന്‌ ആരംഭിച്ച് പട്ടാളം പള്ളി വഴി വെടിമറയിലേക്ക് പോകുന്ന പ്രധാന ബൈപാസ് റോഡിലെ പൂതയിൽ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്ന പ്രവൃത്തി മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആലുവ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പറവൂർ പട്ടണത്തിൽ പ്രവേശിക്കാതെ കടന്നുപോകാൻ ഏറെ സഹായകരമായ ഈ റോഡിലെ പാലം നിർമാണം വൈകുന്നതിൽ വ്യാപകപ്രതിഷേധമാണുയരുന്നത്.

പറവൂർ അഗ്നി രക്ഷാസേനാനിലയം സ്ഥിതിചെയ്യുന്ന ഈ റോഡിലെ പാലം നിർമാണം എത്രയുംവേഗം പൂർത്തിയാക്കിയാൽ ചേന്ദമംഗലം കവലയിലെ നിലവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home