ad
Deshabhimani

കാക്കനാട്ട് മെട്രോ നിർമാണം

കൂറ്റൻ ട്രെയിലർ കുരുങ്ങി; 
മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

traffic jam

മെട്രോ നിർമാണത്തിനായി റോഡിന്റെ വീതികുറച്ച കാക്കനാട് 
സീപോർട്ട്–എയർപോർട്ട് റോഡിൽ കൂറ്റൻ ട്രെയിലർ കുരുങ്ങിയനിലയിൽ

വെബ് ഡെസ്ക്

Published on Aug 15, 2026, 02:16 AM | 1 min read

 കാക്കനാട്


മെട്രോ നിർമാണത്തിനായി റോഡിന്റെ വീതി കുറച്ചതിനുപിന്നാലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ കൂറ്റൻ ട്രെയിലർ കുരുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മീഡിയ അക്കാദമിക്കും ചിൽഡ്രൻസ് ഹോമിനും സമീപം വെള്ളി പകൽ 11.30 ഓടെയാണ് ട്രെയിലർ കുടുങ്ങിയത്. ഒന്നോടെ കൂടുതൽ പൊലീസ് എത്തി വാഹനത്തെ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.


തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തിയ ട്രെയിലറിൽ ഘടിപ്പിച്ചിരുന്ന വൃത്താകൃതിയിലുള്ള കൂറ്റൻ ഇരുമ്പ് ഇരുവശത്തേക്കും പുറത്തേക്ക് തള്ളിനിന്നിരുന്നു. റോഡിന്റെ ഒരുവശത്ത് ചിൽഡ്രൻസ് ഹോമിന്റെ കൂറ്റൻമതിലും മറുവശത്ത് മെട്രോ നിർമാണത്തിനായി സ്ഥാപിച്ച ഇരുമ്പുവേലിയമുള്ള ഭാഗത്ത് എത്തിയപ്പോൾ ഇത്‌ മതിലിൽ തട്ടി കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വാഹനങ്ങൾകൂടി കുടുങ്ങിയതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാനാകാത്ത തരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാൽനടയാത്രക്കാർക്കുപോലും ട്രെയിലറിനടിയിലൂടെ വളഞ്ഞും കുനിഞ്ഞും കടന്നുപോകേണ്ട സാഹചര്യമുണ്ടായി.


​ട്രെയിലർ കുരുങ്ങിയതോടെ തൃപ്പൂണിത്തുറ ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ നീണ്ടനിര കരിങ്ങാച്ചിറവരെയെത്തി. ഒരു വരിയിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പടമുകൾ, താണപാടം, പൊയ്യച്ചിറ, കുന്നുംപുറം തുടങ്ങിയ ഇടറോഡുകളിലൂടെ ചെറുവാഹനങ്ങളെ തിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം കണ്ടത്.


മെട്രോ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വീതിയും കാൽനടസൗകര്യങ്ങളും ഉറപ്പാക്കണമെന്നിരിക്കെ അശാസ്ത്രീയ നിർമാണമാണ് പലഭാഗങ്ങളിലും നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home