ഗതാഗത നിയമലംഘനം ; കൊച്ചി നഗരത്തില്‍ 115 കേസ് , 1.50 ലക്ഷം രൂപ പിഴയിട്ടു

കാക്കനാട്
അപകടകരമായി ബസ് ഓടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്‌തു. പാലാരിവട്ടത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന യാത്രക്കാരനുനേരെ, മത്സരച്ചോടിവന്ന ബസ് പാഞ്ഞെത്തി. ബസിനടിയിൽപ്പെടാതെ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീഡിയോ ദൃശ്യം ഉൾപ്പെടെ തെളിവായി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ "കാട്ടുങ്കലമ്മ' ബസിന്റെ ഡ്രൈവർ ചോറ്റാനിക്കര സ്വദേശി ഷെഹീറിന്റെ ലൈസൻസാണ് ആർടിഒ കെ ആർ സുരേഷ് സസ്പെൻഡ് ചെയ്തത്.
എറണാകുളം–ആലുവ റൂട്ടിലെ "സെവൻസ്' ബസിന്റെ ഡ്രൈവർ മുപ്പത്തടം സ്വദേശി സെബിൻ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തത്.
കൊച്ചി നഗരത്തിലും പരിസരങ്ങളിലും ഒരാഴ്ചയ്‌ക്കിടെ നടന്ന പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിൽ 115 കേസ് എടുത്തു. 1,50,750 രൂപ പിഴയിട്ടു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 15, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ വച്ചതിന് ഒമ്പത്, ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാത്തതിന് ആറ്, ബസ് ജീവനക്കാർ യൂണിഫോം ധരിക്കാത്തതിന് മൂന്നുപേർക്കെതിരെയും കേസെടുത്തു.
വാതിൽ തുറന്നിട്ട് സര്‍വീസ് നടത്തിയ ബസ്, സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ, യാത്രക്കാരോട് അപമര്യാദയായി പെരുമാറൽ, എന്നീ കുറ്റകൃത്യങ്ങളിലും കേസെടുത്തു. കലൂർ, മേനക, തൃപ്പൂണിത്തുറ, കളമശേരി, ആലുവ, പെരുമ്പാവൂർ, പട്ടിമറ്റം, കിഴക്കമ്പലം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.










0 comments