ഗോശ്രീ പാലത്തിൽ കണ്ടെയ്‌നറും കാറും കുടുങ്ങി; വലഞ്ഞ് യാത്രികർ

കൊച്ചി/വൈപ്പിൻ
ഗോശ്രീ ഒന്നാംപാലത്തിൽ കണ്ടെയ്‌നർ ലോറിയും കാറും ഓട്ടത്തിനിടെ നിന്നതോടെ വൻഗതാഗതക്കുരുക്ക്. ബുധൻ രാവിലെയാണ് സംഭവം. ഡീസൽ തീർന്ന് കണ്ടെയ്‌നർ ലോറിയാണ് ആദ്യം പാലത്തിൽ കിടന്നത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുരുങ്ങി. ഇരുവശത്തും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഹൈക്കോടതി ജങ്‌ഷനും കവിഞ്ഞുപോയി വാഹനങ്ങളുടെ നീണ്ട നിര.
മറുവശത്ത് വൈപ്പിനിൽനിന്നുള്ള വാഹനങ്ങളും വഴിയിലായി. നിശ്ചിതസമയത്ത് ഓഫീസിലും തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും എത്താൻ കഴിയാതെ യാത്രികർ വലഞ്ഞു. കൂടുതൽപേർ ജലമെട്രോയെ ആശ്രയിച്ചതോടെ അവിടെയും തിരക്കേറി. ഡിപി വേൾഡിലേക്ക് വന്ന ലോറി പാലത്തിൽനിന്ന് നീക്കി ഡീസൽ നിറച്ചു. കാർ ഓട്ടത്തിനിടെ യന്ത്രത്തകരാറുമൂലം നിന്നുപോകുകയായിരുന്നു.
രണ്ടാംപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണമുണ്ട്. പാലത്തിന്റെ പാതിഭാഗത്തിലൂടെയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഒന്നാംപാലത്തിലാകട്ടെ നിറയെ കുണ്ടുംകുഴിയുമാണ്. ഇതും യാത്രാക്ലേശം രൂക്ഷമാക്കുന്നു. മഴ പെയ്‌താൽ ഒന്നും രണ്ടും പാലത്തിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ദുരിതം. അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി സുഗമമായ ഗതാഗതസൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 15 കൊല്ലംമുമ്പ് ദേശീയപാത അതോറിറ്റി നിർമിച്ച ഇൗ പാലത്തിന്റെ ബീമുകൾക്ക് ബലക്ഷയം കണ്ടെത്തിയിരുന്നു. അത് പരിഹരിക്കാൻ മുകളിലെ ടാർ മുഴുവൻ ഇളക്കിമാറ്റിയാണ് അറ്റകുറ്റപ്പണി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പണി തീർക്കുമെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ എണ്ണത്തിലുള്ള വർധന, റോഡുകളുടെ മോശം സ്ഥിതി, റോഡും പാലവും ചേരുന്നയിടത്തെ ഉയരവ്യത്യാസം ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഗതാഗതത്തിന് പ്രയാസംസൃഷ്ടിക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. മുനമ്പം–-അഴീക്കോട് പാലം തുറക്കുന്നതോടെ വൈപ്പിൻ ഭാഗത്തെ യാത്ര കൂടുതൽ പ്രയാസമാകും. ബീച്ച് റോഡ് പൂർണമായി സഞ്ചാരയോഗ്യമാക്കുകയാണ് പോംവഴികളിലൊന്ന്. ഗോശ്രീ പാലങ്ങളിലെ കുരുക്കഴിക്കാൻ പുതിയ പാലം നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.









0 comments