കുരുക്ക് ഒഴിയുന്നില്ല; വീർപ്പുമുട്ടി പെരുന്പാവൂർ

പെരുമ്പാവൂര്‍
ടൗണിലെ എഎം റോഡിലും എംസി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷം. ടൗൺ സിഗ്നൽ, ഔഷധി, പുഷ്പ, താലൂക്കാശുപത്രി, തോട്ടുങ്ങൽ, ഗാന്ധി സ്ക്വയർ, കാളച്ചന്ത ജങ്ഷനുകളിലും നഗരസഭയിലേക്ക് പ്രവേശിക്കുന്ന വല്ലം, പാലക്കാട്ടുതാഴം ജങ്ഷനുകളിലും കുരുക്ക് രൂക്ഷമാണ്. അരമണിക്കൂർമുതൽ ഒരു മണിക്കൂർവരെ വാഹനങ്ങൾ കുരുങ്ങുന്നത് പതിവായി. കാലടിയിലെ കുരുക്കഴിഞ്ഞുവരുന്ന വാഹനങ്ങൾ ഒന്നിച്ച് പെരുന്പാവൂരിലേക്ക് വരുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നു. ആംബുലൻസ്, അഗ്നി രക്ഷാവാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ എന്നിവയും റോഡിൽ കുരുങ്ങിക്കിടക്കാറുണ്ട്.
പെരിയാറിനു കുറുകെയുള്ള വല്ലം പുതിയ പാലം തുറന്നപ്പോൾ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ എംസി റോഡിലെ വല്ലം ജങ്ഷനിലെത്തിയാണ് തിരിഞ്ഞുപോകുന്നത്. വല്ലം ജങ്ഷനിലെ പുറമ്പോക്ക് കണ്ടെത്തി കവല വികസിപ്പിക്കുമെന്ന് ഒക്കൽ പഞ്ചായത്ത് മുൻ ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നടപടിയെടുത്തില്ല. റോഡിന്റെ അറ്റകുറ്റപ്പണി പകൽ നടത്തുന്നതും കുരുക്കിന് ഇടയാക്കുന്നു. പെരുമ്പാവൂർ നഗരസഭയിൽ ഗതാഗത ഉപദേശകസമിതി കൂടിയിട്ട് രണ്ടുവർഷം പിന്നിട്ടു. മിനി സിവിൽ സ്റ്റേഷനിലും താലൂക്കാശുപത്രി പരിസരത്തും രണ്ടുവീതം ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുണ്ട്. ഒന്ന് നിലനിർത്തി രണ്ടാമത്തേത് പൊളിച്ചുമാറ്റണമെന്ന് നഗരസഭ തീരുമാനിച്ചിട്ട് വർഷങ്ങളായി.










0 comments