അഴിയാക്കുരുക്കാണ്
റോഡിൽ കുടുങ്ങും

എറണാകുളം നോർത്ത് മേൽപ്പാലത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കൊച്ചി
തകർന്ന റോഡുകളും ഓണത്തിരക്കും ഒന്നിച്ചതോടെ എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. ഓണമാഘോഷിക്കാനുള്ളതെല്ലാം വാങ്ങാൻ ആളുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തുന്നതോടെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിരയാണ്. റോഡിന്റെ ശോചനീയാവസ്ഥയും അനധികൃത പാർക്കിങ്ങും ഗതാഗതനിയന്ത്രണത്തിനുള്ളവരുടെ അഭാവവും സൃഷ്ടിക്കുന്നത് അഴിയാക്കുരുക്കാണ്.
നഗരത്തിലെ ഇടങ്ങളിലെല്ലാം മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. എംജി റോഡ്, രാജാജി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, സലിം രാജന്‍ റോഡ്, എ എല്‍ ജേക്കബ് മേല്‍പ്പാലം, വൈറ്റില, സഹോദരന്‍ അയ്യപ്പന്‍ റോഡ്, പള്ളിമുക്ക്, കലൂര്‍ – കടവന്ത്ര റോഡ്, പാലാരിവട്ടം, തമ്മനം, സംസ്കാര ജങ്ഷന്‍, പുല്ലേപ്പടി റെയില്‍വേ മേല്‍പ്പാലം എന്നിവിടങ്ങളിലെല്ലാം അനങ്ങാനാകാത്ത സ്ഥിതിയാണ്. മെട്രോ നിര്‍മാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്ന കാക്കനാടുമുതല്‍ കലൂര്‍വരെ സ്ഥിതി അതിരൂക്ഷമാണ്.
തൃപ്പൂണിത്തുറ, ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, കാലടി, അങ്കമാലി എന്നിവിടങ്ങളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ഗതാഗതതടസ്സം ഇരട്ടിയാക്കുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ആംബുലന്‍സുകളും കുരുക്കില്‍ക്കിടന്ന് ശ്വാസംമുട്ടുന്നതും നിത്യസംഭവം. ആവശ്യത്തിന് പാർക്കിങ് കേന്ദ്രങ്ങളില്ലാത്തതിനാൽ പ്രധാന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുകയാണ്. പഠനാവശ്യങ്ങള്‍ക്കും ജോലിക്കുമായി എത്തുന്നവരുടെ യാത്രാസമയം മൂന്നും നാലും ഇരട്ടിയായി വർധിച്ചു.
നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനോ ഗതാഗതം സുഗമമാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. തിരക്കേറിയ ജങ്ഷനുകളിൽ ആവശ്യത്തിന് ട്രാഫിക് പൊലീസിനെ വിന്യസിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താനും പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ ട്രാഫിക് പൊലീസിനെ വിന്യസിക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.










0 comments