കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതിയുമായി തെളിവെടുത്തു


സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:50 AM | 1 min read
വടകര
കോൺഗ്രസ്–ലീഗ്–ആർഎംപി നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ എത്തിച്ച് ക്രൈം ബ്രാഞ്ച് ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യസൂത്രധാരൻ പേരാമ്പ്ര ചേന്നോളി സ്വദേശി റിനീഷിനെയുമായാണ് തെളിവെടുപ്പ് നടത്തിയത്. നിക്ഷേപകരിൽനിന്ന് തട്ടിയെടുത്ത സ്വർണം പണയംവച്ച പയ്യോളിയിലെ സ്വകാര്യ ബാങ്കുകളിലും സ്വർണം വിൽപ്പന നടത്തിയ വടകര സെന്റ് ആന്റണീസ് സ്‌കൂളിനുസമീപത്തെ ജ്വല്ലറിയിലും എത്തിച്ചാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എൻ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുത്തത്. പയ്യോളിയിലെ സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുത്ത് കൂടുതൽ പണത്തിനായി ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു. മുട്ടുങ്ങൽ സ്വദേശി അമ്മദിന്റെയും ബന്ധുക്കളുടെയും നിക്ഷേപമായി ഒരുകോടി 20 ലക്ഷം രൂപയോളം സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു. നിക്ഷേപ തുക നഷ്ടപ്പെട്ടെന്ന പരാതിയിലാണ് റിനീഷിനെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. നിക്ഷേപ തട്ടിപ്പ് കേസിൽ ജൂലൈ 8നാണ് റിനീഷിനെ പൊലീസ് കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തത്. സഹകരണ സംഘം ഓഡിറ്റർ നടത്തിയ പരിശോധനയിൽ 2.16 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ടാംപ്രതിയാണ് റിനീഷ്. ഒന്നാംപ്രതി സൊസൈറ്റി സെക്രട്ടറി പ്രീന, സംഘം മുൻ പ്രസിഡന്റും കോൺഗ്രസ് ഡിസിസി സെക്രട്ടറിയുമായ ടി വി സുധീർകുമാർ എന്നിവർ റിമാൻഡിലാണ്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.









0 comments