നാട് വിടയേകി; നോവ് ബാക്കി

സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:46 AM | 2 min read
വടകര
അന്യായ സ്ഥലംമാറ്റത്തിന്റെ രക്തസാക്ഷി ഹെൽത്ത് ഇൻസ്പെക്‌ടർ ആർ ദീപലേഖക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആരോഗ്യസ്ഥിതി മാനിക്കാതെ അന്യായമായി സ്ഥലംമാറ്റിയതിൽ മനംനൊന്താണ് മേപ്പയിലെ ‘ശ്രീസ്ഥ'യിൽ ആർ ദീപലേഖ തിങ്കളാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. സ്ഥലംമാറ്റത്തിൽ മാനസിക സമ്മർദത്തിലായ ദീപ ജോലിചെയ്യുന്ന ചൊക്ലി പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. നിരവധി നാടകരചനകളിലൂടെ ശ്രദ്ധേയനായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപ. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സർവീസ് സംഘടനാരംഗത്തെ സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. തലശേരി ജനറൽ ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കളും എൻജിഒ യൂണിയൻ നേതാക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. --------------------------------------------നാടിന്റെ പ്രിയങ്കരിയായ ആരോഗ്യപ്രവർത്തകയ്‌ക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നൂറുകണക്കിനാളുകളാണെത്തിയത്. പിന്നീട്, സ്വദേശമായ വടകര മേപ്പയിലേക്ക് കൊണ്ടുപോയി. ‘മരിച്ചതല്ല, കൊന്നതാണ്. ദീപലേഖയുടെ കൊലയാളികളെ അറസ്റ്റുചെയ്യണം’ എന്നെഴുതിയ പ്ലക്കാർഡുമായാണ് എൻജിഒ യൂണിയൻ പ്രവർത്തകർ വിലാപയാത്രയെ അനുഗമിച്ചത്. ചൊവ്വ പകൽ പന്ത്രണ്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. പകൽ രണ്ടോടെ മകൾ അമലു ലക്ഷ്‌മി ചിതയ്‌ക്ക് തീപകർന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, എൻജിഒ യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി എം വി ശശിധരൻ, കരിവെള്ളൂർ മുരളി, എം കെ മനോഹരൻ, നഗരസഭാ ചെയർപേഴ്സൺ പി കെ ശശി, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, സന്തോഷ് കീഴാറ്റൂർ, ബാബു അന്നൂര്, മുഹമ്മദ് പേരാമ്പ്ര, പ്രഫുൽ കൃഷ്ണ എന്നിവർ അന്തിമോപചാരമർപ്പിച്ചു. അനുശോചന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പി കെ ശശി അധ്യക്ഷനായി. എൻജിഒ യൂണിയൻ ജന. സെക്രട്ടറി എം വി ശശിധരൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ എം ഷൈനി, സ്ഥിരംസമിതി അധ്യക്ഷൻ പി കെ സതീശൻ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് അനൂപ്, ആർ ബാലറാം, ഡോ. നീതു, മിത്തു തിമോത്തി, കൗൺസിലർ വി കെ മുഹമ്മദലി, അനിൽ ആയഞ്ചേരി, ഇ ടി കെ രാഘവൻ എന്നിവർ സംസാരിച്ചു.









0 comments