പഴന്തോട് ടൂറിസം പദ്ധതി നിർമാണം തുടങ്ങി

പഴന്തോട് ടൂറിസം പദ്ധതിയുടെ നിർമാണം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
പൊതുഇടങ്ങൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ 1.76 കോടിയുടെ പദ്ധതി പഴന്തോടിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. കല, വിനോദം, ടൂറിസം തുടങ്ങിയവയുടെ പ്രധാന വിനോദകേന്ദ്രമായി പഴന്തോട് ഉയരുകയാണെന്ന് മന്ത്രി പറഞ്ഞു.
കൊടുവഴങ്ങയിലെ മനോഹരമായ ജലാശയത്തെ ഉൾക്കൊള്ളിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിയാണ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, കാമറ, റേഡിയോ, സുരക്ഷാ ക്യാബിൻ, ടിക്കറ്റ് കൗണ്ടർ, കണ്ടെയ്‌നർ ക്യാബിൻ എന്നിവ ഉൾപ്പെടെ സജ്ജമാക്കും. മാരായിൽ ക്ഷേത്രത്തിന്റെ ആറാട്ടുചടങ്ങുകൾ നടക്കുന്ന കൽപ്പടവുകൾ ഉൾപ്പെടെ മുഴുവൻ പടവുകളും നവീകരിക്കും. ഒരുകോടി ചെലവിൽ ചുറ്റും ടൈൽ വിരിക്കുന്ന പദ്ധതിക്ക് ടെൻഡറായി. 30 ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ കുട്ടികളുടെ പാർക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ മ്യൂസിക് ഫൗണ്ടൻ ഉൾപ്പെടെ സ്ഥാപിക്കും.
വാർഡ് അംഗം പി സി ജയൻ അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എം കെ ബാബു, രശ്മി ബിജു, ബെന്നി, പി കെ മനാഫ്, ലത പുരുഷൻ എന്നിവർ സംസാരിച്ചു.










0 comments