കുതിക്കണം പുതുവേഗത്തിൽ തൃക്കാക്കര

ആർ ഹേമലത
Published on Mar 07, 2026, 03:15 AM | 2 min read
കൊച്ചി
ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ മണ്ഡലമാണ് തൃക്കാക്കര. എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർത്ത് 2011ൽ രൂപീകരിച്ച മണ്ഡലത്തിൽ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ ഐടി ഹബ്ബായി വികസിച്ച മണ്ഡലത്തിലാണ് ജില്ലാ ഭരണകേന്ദ്രവും ജില്ലാപഞ്ചായത്ത് ആസ്ഥാനവും.
പത്തുവർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ വന്പൻ വികസനപദ്ധതികളിലൂടെ തൃക്കാക്കരയ്‌ക്ക് ലഭിച്ചത് പുതിയ കൊച്ചി എന്ന മേൽവിലാസം. രാജ്യം മാതൃകയാക്കിയ ജലമെട്രോ കാക്കനാടുവരെ എത്തിയതിന് പിന്നാലെ കൊച്ചി മെട്രോയുടെ രണ്ടാംപാതയും കാക്കനാട് പൂർത്തിയാകുന്നു.
യുഡിഎഫ് സർക്കാർ കന്പിയും സിമന്റുമില്ലാതെ കെട്ടിപ്പൊക്കിയ പഴയ പാലാരിവട്ടം പാലം തൃക്കാക്കര മണ്ഡലത്തിലാണ്. എൽഡിഎഫ് സർക്കാർ വന്നശേഷം അവിടെ ഉറപ്പുള്ള പുതിയ പാലമുയർന്നു. മെട്രോ രണ്ടാംപാത നിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടത്തുനിന്ന് തൃക്കാക്കരയ്‌ക്ക് നീളുന്ന സിവിൽലൈൻ റോഡ് ദേശീയപാതയുടെ പകിട്ടിൽ വികസിക്കുന്നു. ചിറ്റേത്തുകരവരെ മണ്ഡലത്തിലൂടെ പോകുന്ന സീപോർട്ട്– എയർപോർട്ട് റോഡും നാലുവരിയാകുന്നു. ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായ ലാൻഡ് പൂളിങ് അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫ് തുടർച്ചയായി അധികാരത്തിലിരുന്നിട്ടും മണ്ഡലത്തിലെ വികസനത്തിൽ എടുത്തുപറയാവുന്ന പങ്കുവഹിക്കാൻ, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള മുനിസിപ്പാലിറ്റിയായ തൃക്കാക്കരയ്‌ക്കാകുന്നില്ല എന്ന വിമർശം ശക്തം. അധികാരസ്ഥാനങ്ങൾക്കായുള്ള തമ്മിൽത്തല്ലും കസേരകളിയും പണക്കിഴി വിവാദംപോലുള്ള അഴിമതിക്കഥകളുമാണ് പോയ അഞ്ചുവർഷത്തെ നീക്കിയിരുപ്പ്. തുടർച്ചയായി യുഡിഎഫിനെ തുണച്ചിട്ടുള്ള മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയുടെ കഴിവുകേടിനെതിരെ പാളയത്തിൽ പട സജീവം.
തൃക്കാക്കര മുനിസിപ്പാലിറ്റിക്കുപുറമെ കോർപറേഷനിലെ 35ഉം 37 മുതൽ 57 വരെ ഡിവിഷനുകളുമാണ് മണ്ഡലത്തിലുൾപ്പെടുന്നത്. കോൺഗ്രസിലെ ബെന്നി ബെഹനാൻ 2011ലും പി ടി തോമസ് 2016ലും വിജയിച്ചു. 2021ലും വിജയിച്ച പി ടി തോമസിന്റെ മരണത്തെ തുടർന്ന് 2022ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് വിജയിച്ചു.
പെരുമ്പാവൂരിൽ മാറ്റത്തിന്റെ കാറ്റ്
ഷെഹിൻഷാ
കൊച്ചി
വശ്യമനോഹരമായ പാണിയേലി പോരും പുരാതനമായ കല്ലില്‍ ക്ഷേത്രവും നഗരഹൃദയത്തിലെ ഇരിങ്ങോള്‍ കാവും കപ്രിക്കാട് അഭയാരണ്യവും ഉള്‍പ്പെടുന്ന നാട്. മരവ്യവസായവും ചെറുകിടസംരംഭങ്ങളും വികസനക്കുതിപ്പിന് വഴിയൊരുക്കിയപ്പോള്‍ ഒരുകാലത്ത് എറണാകുളത്തിന്റെ ‘കല്ലായി' എന്നായിരുന്നു പെരുമ്പാവൂരിന്റെ വിശേഷണം. ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയെ വിജയിപ്പിച്ചു. പെരുമ്പാവൂര്‍ നഗരസഭയും അശമന്നൂര്‍, രായമംഗലം, വേങ്ങൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, വെങ്ങോല പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. 1957 മുതല്‍ 2021 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണവീതം എൽഡിഎഫിനെയും യുഡിഎഫിനെയും തുണച്ചു.
രണ്ടു പാര്‍ടികളുടെ പ്രതിനിധികളായി മത്സരിച്ച അച്ഛനെയും മകനെയും തെരഞ്ഞെടുത്ത മണ്ഡലമെന്ന സവിശേഷതയുമുണ്ട്. പി ഐ പൗലോസിനെയും (കോണ്‍ഗ്രസ്) മകന്‍ സാജു പോളിനെയും (സിപിഐ എം). 1982 മുതല്‍ 2001 വരെ മണ്ഡലത്തെ പ്രതിനിധാനംചെയ്‌ത് പി പി തങ്കച്ചന്‍ കൂടുതല്‍കാലം എംഎല്‍എയായി. 2001ല്‍ സാജു പോളിലൂടെ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. സിപിഐ എമ്മിനും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് എമ്മിനും സ്വാധീനമുള്ള മണ്ഡലത്തില്‍ 2016ലും 2021ലും യുഡിഎഫിനായി എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചു. 2021ല്‍ 2899 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് വിജയം.
നാടിന്റെ വികസനങ്ങളോട് നിസ്സഹകരണം തുടരുന്ന എംഎല്‍എയും യുഡിഎഫും മറുപടി പറയേണ്ട ഒരുപിടി ചോദ്യങ്ങൾ ഇക്കുറി പെരുന്പാവൂരിൽ ഉയരും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നപരിഹാരങ്ങളോട് എംഎല്‍എ ‘നോ’ പറഞ്ഞപ്പോള്‍ ബൈപാസ്, പാലം നിര്‍മാണം, റോഡ് നവീകരണം തുടങ്ങിയ വികസനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പെരുമ്പാവൂരിനെ കാത്തു.










0 comments