തൃക്കാക്കര നഗരസഭ ശ്‌മശാനം തകർച്ചയിൽ
ജീവനാണ് പ്രധാനം; സലീനയ്‌ക്ക് ഹെൽമെറ്റ് സുരക്ഷ

തൃക്കാക്കര നഗരസഭ പൊതുശ്മശാനത്തിൽ ഹെൽമെറ്റ് ധരിച്ച് മൃതദേഹം സംസ്കരിക്കുന്ന സെലീന മൈക്കിൾ
കാക്കനാട്
മരണാനന്തര ചടങ്ങുകൾ നടക്കുന്ന ശ്‌മശാനത്തിൽ സ്വന്തം ജീവൻ സുരക്ഷിതമാക്കേണ്ട ഗതികേടിലാണ് സലീന മൈക്കിൾ. ഏതുനിമിഷവും തലയിലേക്ക് വീഴാവുന്ന കോൺക്രീറ്റ് പാളികളിൽനിന്ന് രക്ഷതേടിയാണ് സലീന ഹെൽമെറ്റ് വച്ചത്. കാക്കനാട് അത്താണിയിലെ തൃക്കാക്കര നഗരസഭയുടെ പൊതുശ്മശാനത്തിലെ നടത്തിപ്പുകാരിയാണ് സലീന.
ദിവസവും ഹെൽമെറ്റ് വച്ചാണ് സലീന മൃതദേഹങ്ങൾ സംസ്‌കരിക്കാനെത്തുന്നത്
2002-ൽ പ്രവർത്തനം ആരംഭിച്ച ശ്മശാനത്തിന്റെ കെട്ടിടം ഇന്ന് ശോചനീയാവസ്ഥയിലാണ്. ദിവസേന രണ്ട് മൃതദേഹങ്ങളെങ്കിലും സംസ്കരിക്കാനെത്തുന്ന ഇവിടെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പതിവായി. അപകടസാധ്യത കണക്കിലെടുത്താണ് ജോലി ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതെന്ന് സലീന പറഞ്ഞു.19 വർഷമായി സലീന ഇവിടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നു.
മുപ്പതടി ഉയരമുള്ള ചിമ്മിനിയുടെ പുകക്കുഴലുകൾ വർഷങ്ങളായി തകരാറിലാണ്. പുകയും ചൂടും കെട്ടിടത്തിനുള്ളിൽതന്നെ തങ്ങിനിൽക്കുന്നതിനാൽ മേൽക്കൂരയും ഭിത്തികളും തകർന്നു. പുക വലിച്ചെടുക്കേണ്ട സംവിധാനവും പ്രവർത്തിക്കുന്നില്ല. മുൻവശത്തെ രണ്ട് ഷട്ടറുകളും തകർന്നു. വൈദ്യുത സ്വിച്ചുകളും ലൈറ്റുകളും മാസങ്ങളായി പ്രവർത്തനരഹിതമാണ്. നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
ശ്മശാനത്തിന് സമീപം വർഷങ്ങൾക്കുമുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക വാതക ശ്മശാനം ഉപയോഗിക്കാതെ നോക്കുകുത്തിയായി കിടക്കുകയാണ്.









0 comments