തൃക്കാക്കര ഓണം ഉത്സവം സമാപിച്ചു

തൃക്കാക്കര തിരുവോണസദ്യ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
അത്തംനാളിൽ കൊടിയേറിയ തൃക്കാക്കര ഓണം ഉത്സവത്തിന്റെ പരിസമാപ്തി കുറിച്ച് നടന്ന പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യ, കുടുംബസമേതമെത്തിയ വ്യവസായമന്ത്രി പി രാജീവ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എംപി, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, നഗരസഭാ ജനപ്രതിനിധികൾ, ആഘോഷക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജാതിമതഭേദമന്യേ ആയിരങ്ങൾ ഓണസദ്യയുണ്ടു.
ജയപ്രകാശ് എടത്തലയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയത്. രാവിലെ 10.30 ഓടെ ആരംഭിച്ച ഓണസദ്യ പകൽ മൂന്നോടെ അവസാനിച്ചു.തിരക്ക് നിയന്ത്രിക്കാൻ അമ്പലം ഊട്ടുപുരയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ‘ബുഫെ ഓണസദ്യ'യിൽ 3000 പേർ പങ്കെടുത്തു. വലിയതോതിൽ തിരക്ക് കുറയ്‌ക്കാൻ ഇതുകൊണ്ടായെന്ന് സംഘാടകർ പറഞ്ഞു. കളമശേരി നഗരസഭയാണ് ഓണസദ്യ സ്പോൺസർ ചെയ്തത്.

തിരുവോണനാളിൽ രാവിലെ 7.30ന് മഹാബലി എതിരേൽപ്പും ഒമ്പത് ആനകൾ അണിനിരന്ന ശ്രീബലിയുമുണ്ടായി. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ അവതരിപ്പിച്ച സ്പെഷ്യൽ നാദസ്വരം, ചേർത്തല ഹരിശ്രീ ബ്രദേഴ്സിന്റെ സ്പെഷ്യൽ തവിൽ, ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവയുണ്ടായി.
4.30ന് ഉത്സവം കൊടിയിറങ്ങി. രാത്രി 11ന് ആറാട്ടെഴുന്നള്ളിപ്പ് എതിരേൽപ് നടന്നു. തുടർന്ന് ആകാശവിസ്മയക്കാഴ്ചയോടെ തൃക്കാക്കര തിരുവോണ ഉത്സവം സമാപിച്ചു.










0 comments