തൃക്കാക്കര നഗരസഭയിലെ വെട്ടിപ്പിന് തെളിവായി ഓഡിറ്റ് റിപ്പോർട്ട്
ആവിയായത് 994 ബിരിയാണി, 5.64 ലക്ഷം രൂപ ; എവിടെപ്പോയി ഹരിതമിത്രം

കാക്കനാട്
തൃക്കാക്കര നഗരസഭയുടെ 2024–-25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. സ്ഥിരംസമിതികളുടെ പ്രവർത്തനംമുതൽ വിവിധ പദ്ധതികളുടെ നടത്തിപ്പിലെ അപാകതകൾവരെ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള ഹരിതമിത്രം ആപ്പ്, ക്യുആർ കോഡ് പദ്ധതികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 2024 ജൂൺ, -ജൂലൈ മാസങ്ങളിൽ സർവേ നടത്തുന്നതിന് 1.43 ലക്ഷം രൂപയും സമീപത്തെ കോളജിലെ വിദ്യാർഥികളെ നിയോഗിച്ച് ക്യുആർ കോഡുകൾ സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. ഭക്ഷണവും കുടിവെള്ളവും നൽകുന്നതിന് 2.21 ലക്ഷം രൂപ ചെലവഴിച്ചതായും ബില്ലുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാക്കനാട്ടെ ഹോട്ടലിൽ നിന്ന് 994 ബിരിയാണി വാങ്ങിയതിന്റെ ബില്ലും ഇതിനോടൊപ്പം സമർപ്പിച്ചു. എന്നാൽ, ക്യുആർ കോഡുകളിൽ എത്ര എണ്ണം പ്രവർത്തനക്ഷമമായെന്നും പദ്ധതിയുടെ പുരോഗതി എത്രത്തോളമാണെന്നും നഗരസഭയിൽ വ്യക്തമായ രേഖകളില്ല. ഹരിതമിത്രം ആപ്പിന്റെ ഉപയോഗത്തിൽ സംസ്ഥാനത്ത് പിന്നിൽ നിൽക്കുന്ന നഗരസഭകളിലൊന്നാണ് തൃക്കാക്കരയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യസുരക്ഷയും ആരോഗ്യസേവനങ്ങളും സംബന്ധിച്ച പരാതികളും നിർദേശങ്ങളും രേഖപ്പെടുത്തുന്നതിന് ആരംഭിച്ച "തൃക്കാക്കര കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം’ ആപ്പിന്റെ ഉദ്ഘാടനത്തിനായി 36,350 രൂപ അധികം ചെലവഴിച്ചെങ്കിലും ആപ്പ് ഇതുവരെ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആരോഗ്യമേഖലയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. നഗരസഭയിൽ ലൈസൻസ് എടുത്ത ഒന്പത് സ്ഥാപനങ്ങൾ പാരാമെഡിക്കൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. അതുപോലെ ഹോട്ടലുകളിൽ മലിനീകരണനിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റിലെ മൂലധനനിക്ഷേപത്തിന് അനുസൃതമായി ഈടാക്കേണ്ട ലൈസൻസ് ഫീസ് നഗരസഭ പൂർണമായി ഈടാക്കിയിട്ടില്ല. ഏഴ് സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 55,000 രൂപയുടെ കുറവാണ് ഈടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിലെ നഗരസഭയുടെ കടമുറികൾ ലേലത്തിൽ നേടിയവർ മറിച്ച് വാടകയ്ക്ക് നൽകിയെന്ന പരാതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ക്ഷേമകാര്യ, ആരോഗ്യ, മരാമത്ത്, വിദ്യാഭ്യാസ-,കലാ-കായിക സ്ഥിരംസമിതികൾ 2024 ഏപ്രിൽ, ജൂലൈ മാസങ്ങളിൽ യോഗം ചേർന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യക്ഷമത, പദ്ധതികളുടെ ഫലപ്രാപ്തി, വരുമാന ശേഖരണം എന്നിവയിൽ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഓഡിറ്റ് റിപ്പോർട്ട് അടുത്തയാഴ്ചത്തെ കൗൺസിൽ യോഗം ചർച്ച ചെയ്യും.










0 comments