ad
Deshabhimani

ട്രോളിങ് നിരോധനം നാളെമുതൽ തീരമണഞ്ഞ് ബോട്ടുകൾ

മടക്കര പഴയ  തുറമുഖത്ത്‌ മീൻപിടിത്ത ബോട്ടുകൾ കെട്ടി നിർത്തിയപ്പോൾ​
വെബ് ഡെസ്ക്

Published on Jun 08, 2026, 03:00 AM | 2 min read

ചെറുവത്തൂർ സംസ്ഥാനത്ത്‌ ഒന്പതു മുതൽ ട്രോളിങ് നിരോധനം വരുന്നതോടെ മീൻ പിടുത്ത ബോട്ടുകൾ തീരമണഞ്ഞുതുടങ്ങി. ഒമ്പതിന് അർധരാത്രി മുതലാണ്‌ മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വരിക. ജൂലെെ 31വരെ 52 ദിവസമാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ഇ‍ൗ കാലത്ത്‌ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻ ബോർഡ് ഔട്ട് ബോർട്ട് വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. യന്ത്രവൽകൃത ട്രോളിങ് ബോട്ടുകൾക്ക് മാത്രമാണ് മീൻ പിടിക്കുന്നതിന് നിരോധനം. ട്രോളിങ് നിരോധനത്തോടൊപ്പം കനത്ത മഴയും ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അനുബന്ധ തൊഴിലാളി കുടുംബങ്ങളെയും വറുതിയിലേക്ക്‌ തള്ളി വിടും. ഇത്തവണ കൂടെക്കൂടെയുണ്ടായ കാലാവസ്ഥ വ്യതിയാനം, കഠിനമായ ചൂട് എന്നിവ കാരണം കടലിലെ മത്സ്യ ലഭ്യത വളരെ കുറവായിരുന്നു. ഇതിനോടൊപ്പം ഇന്ധന വില വർധനവും മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥരെയും തൊഴിലാളികളെയും കടക്കെണിയിലാക്കി. ഇതിനിടയിലാണ് ട്രോളിങ് നിരോധനവും എത്തുന്നത്. ജില്ലയിലെ മീൻപിടുത്ത തുറമുഖങ്ങളും വലുതും ചെറുതുമായ മത്സ്യബന്ധന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായി ആയിരക്കണക്കിന് പേരാണ്‌ തൊഴിൽ ചെയ്യുന്നത്. ജില്ലയിൽ 57 യന്ത്രവൽകൃത ബോട്ടുകളും 72 ഇൻ ബോർഡ് എൻജിൻ വള്ളങ്ങളും 1305 ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തത്‌. 10,092 മത്സ്യത്തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിലിറങ്ങുമ്പോൾ കടലമ്മ കനിയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ശക്തമായ മഴവന്ന് കടലിന്റെ അടിഭാഗത്തെ ചെളി ഇളകി കടലിന്റെ ഉപരിതലത്തിൽ എത്തിയാൽ അയല, മത്തി, ചെമ്മീൻ, ചെറുമീനുകൾ എന്നിവ കടലിന്റെ മുകൾ ഭാഗത്ത് എത്തും. ഈ ചാകര ക്കോളും പ്രതീക്ഷിച്ചാണ് തൊഴിലാളികൾ 52 ദിവസം കഴിഞ്ഞുകൂടുന്നത്. ​സുരക്ഷാ
പ്രവർത്തനത്തിന്‌ 
ക്രമീകരണം ​മഴക്കാലം വന്നെത്തുന്നതോടെ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്ക്‌ അപകടങ്ങൾ സംഭവിക്കാറുണ്ട്‌. ഇവർക്കുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണിപ്പോൾ. കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഒരുങ്ങി. കടൽ രക്ഷാ പ്രവർത്തനത്തിനും പട്രോളിങ്ങിനുമായി മഞ്ചേശ്വരം, മടക്കര ഹാർബറുകൾ കേന്ദ്രീകരിച്ച് രണ്ട് രക്ഷാ ബോട്ടുകൾ സജ്ജീകരിക്കും. കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് ഒരു ഫൈബർ തോണിയും അനുവദിച്ചിട്ടുണ്ട്. കടൽ രക്ഷാ പ്രവർത്തനത്തിന് സീ റസ്‌ക്യൂ ഗാർഡുകൾ, മറൈൻ എൻഫോഴ്‌സ്മെന്റ്‌ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ പൊലീസ് സേനാംഗങ്ങളുടെ സേവനം കൂടി ലഭ്യമാക്കും. ബേപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ മറൈൻ ആംബുലൻസിന്റെ സേവനവും ലഭിക്കും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെയും നിയമവിരുദ്ധമായി ഇതര സംസ്ഥാന ബോട്ടുകൾ കടലിൽ ഇറങ്ങുന്നതിനെതിരെയും നടപടി സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home