നോവായി പിഞ്ചോമനകൾ നെഞ്ചുലഞ്ഞ് യാത്രാമൊഴി

അഡൂർ അഡൂർ പൊനോരത്തെ വീട്ടിൽ ഇനി കളിചിരിയില്ല. ഉറ്റവരെയും കൂട്ടുകാരെയും തീരാ കണ്ണീരിലാഴ്‌ത്തി മുൻസീറിനും മുസമ്മിലിനും യാത്രയായി. കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് മരിച്ച മുൻസീറിനും മുസമ്മിലിനും നാട് കണ്ണീരോടെ വിടനൽകി. അഡൂർ ജിഎച്ച്എസ്എസ്സിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുൻസീറും (10), ഒന്പതാം ക്ലാസ് വിദ്യാർഥി മുസമ്മിലും (14) ശനി വൈകിട്ടാണ് സമീപത്തെ വീടിന്റെ മതിലിടിഞ്ഞുവീണ് മരിച്ചത്. ഞായർ പുലർച്ചെ അഞ്ചോടെ സഞ്ചക്കടവ് പള്ളിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനുളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അഞ്ചരയോടെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. അപ്രതീക്ഷിത ദുരന്തത്തിൽ മക്കളെ നഷ്ടപ്പെട്ട ബാപ്പ അബൂബക്കറിന്റെയും ഉമ്മ സൗദയുടെയും സങ്കടം ഏവരുടെയും കണ്ണുനനയിച്ചു. പൊനോരത്തെ വീട്ടിലേക്ക് പ്രിയപ്പെട്ട കുരുന്നുകളെ അവസാനമായി ഒരുനോക്ക് കാണാനും കുടുംബത്തെ ആശ്വസിപ്പിക്കാനും വൻ ജനാവലിയെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ളവരും വീട്ടിലെത്തി അനുശോചനം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ തുടങ്ങിയവർ വീട്ടിലെത്തി. ദേലംപാടി പഞ്ചായത്തിലെ അഡൂർ പാണ്ടി റോഡിലെ സഞ്ചക്കടവ് പൊനോരം റോഡിനോട് ചേർന്ന് ശനി വൈകിട്ട് 4.45 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മുഹമ്മദ് താജുദ്ദീന്റെ വീടിന്റെ റോഡരികിലുള്ള സംരക്ഷണ മതിലാണ് മഴയിൽ തകർന്നുവീണത്. ശനിയാഴ്ച അവധിയായതിനാൽ അയൽവാസികളായ മൂന്ന് കുട്ടികളും ചേർന്ന് ഈ മതിലിനോട് ചേർന്ന് ചെറിയൊരു കൂര കെട്ടി വഴിയോര കച്ചവടം നടത്തുകയായിരുന്നു. ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിർത്താതെപെയ്ത കനത്ത മഴയിലാണ് മതിൽ പെട്ടെന്ന് തകർന്നു വീണത്. കുട്ടികൾ കല്ലുകൾക്കും മണ്ണിനും അടിയിലായി. ഓടിക്കൂടിയ നാട്ടുകാർ ഉടനടി മൂവരെയും മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുൻസീറിനെയും മുസമ്മിലിനെയും രക്ഷിക്കാനായില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ് വാഹിസ് (14) ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments