നവകേരളസദസ്സിലെ പരാതികൾക്ക് പരിഹാരം
തൃക്കാക്കരയിൽ പുതിയ നഗരാസൂത്രണ പദ്ധതി വരുന്നു

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ ശാസ്ത്രീയവും കാലാനുസൃതവുമായ പുതിയ നഗരാസൂത്രണ പദ്ധതി നടപ്പാക്കാൻ നടപടി പുരോഗമിക്കുന്നു. എൽഡിഎഫ് സർക്കാർ കാലത്ത് മുഖ്യമന്ത്രി പങ്കെടുത്ത നവകേരളസദസ്സിൽ ഉയർന്ന നിരവധി പരാതികളുടെയും ജനങ്ങളുടെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അരനൂറ്റാണ്ട് പഴക്കമുള്ള നഗരാസൂത്രണ പദ്ധതി പുനഃപരിശോധിക്കാൻ നടപടിയായത്.
പഴയ പദ്ധതിയുടെ പേരിൽ സാധാരണക്കാർക്ക് വീടുനിർമിക്കാനും ഭൂമി വിനിയോഗിക്കാനും നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നിരുന്നു. കാർഷികമേഖലയായി രേഖപ്പെടുത്തിയ പല പ്രദേശങ്ങളിലും നിർമാണാനുമതി ലഭിക്കാത്തതടക്കമുള്ള പരാതികളാണ് നവകേരളസദസ്സിൽ വ്യാപകമായി ഉയർന്നത്. ഇതേത്തുടർന്നാണ് സമഗ്ര പഠനത്തിനും പുതിയ വികസനരേഖയ്ക്കും സർക്കാർ നിർദേശം നൽകിയത്.
കൊച്ചി നഗരത്തിന്റെ വളർച്ചയ്ക്കൊപ്പമെത്താൻ തൃക്കാക്കരയ്ക്കും ആധുനിക വികസനപദ്ധതി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് സെൻട്രൽ സിറ്റി കൊച്ചി സ്ട്രക്ചറൽ പ്ലാനും പുതിയ നഗരാസൂത്രണ പദ്ധതിയും രൂപംകൊള്ളുന്നത്. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ ഉൾപ്പെടെ എട്ട് മേഖലകളായി തിരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
തൃക്കാക്കരയ്ക്കായി പ്രത്യേക അമൃത് മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള കെട്ടിടങ്ങളെ ബാധിക്കാതെ ഭാവിവികസനത്തിന് ശാസ്ത്രീയ ദിശാബോധം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനാഭിപ്രായംകൂടി പരിഗണിച്ചശേഷമാകും അന്തിമരൂപം നൽകുക.
നഗരസഭ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി, കൗൺസിലർമാരായ സി എ നിഷാദ്, കെ എ നജീബ്, തോമസ് തുതിയൂർ, പി എസ് നൗഷാദ്, പി കെ അലി, മുനിസിപ്പൽ റസിഡന്റ്‌സ് അപെക്‌സ് കൗൺസിൽ സെക്രട്ടറി സലിം കുന്നുംപുറം, തൃക്കാക്കര സാംസ്‌കാരികകേന്ദ്രം കോ–-ഓർഡിനേറ്റർ പോൾ മേച്ചേരിൽ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ചർച്ചയിൽ പങ്കെടുത്തു.










0 comments