കൗൺസിലിനെ മറികടന്ന് പാർക്കിങ് കേന്ദ്രത്തിൽ നിർമാണം; തൃക്കാക്കരയിൽ പ്രതിഷേധം

വ്യാപാരികളുടെ പുനരധിവാസത്തിനായി നഗരസഭയുടെ പ്രധാന പാർക്കിങ് കേന്ദ്രത്തിലെ ടൈൽ നീക്കം ചെയ്യുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭ വാണിജ്യസമുച്ചയത്തിലെ വ്യാപാരികളുടെ പുനരധിവാസസ്ഥലത്തെ ചൊല്ലി തർക്കം രൂക്ഷം. കൗൺസിലിനെ അറിയിക്കാതെ നഗരസഭയുടെ പ്രധാന പാർക്കിങ് കേന്ദ്രം പുനരധിവാസത്തിനായി ഏറ്റെടുത്ത ഭരണസമിതിയുടെ നടപടിക്കെതിരെ എൽഡിഎഫ് പ്രതിഷേധം ശക്തമാക്കി. കൗൺസിലർമാരുമായി ചർച്ച നടത്താതെയും വിഷയം അജൻഡയിൽ ഉൾപ്പെടുത്താതെയുമാണ് തീരുമാനം എടുത്തതെന്ന് പ്രതിപക്ഷനേതാവ് സി പി സാജൽ വ്യക്തമാക്കി.
പഴയ മുനിസിപ്പൽ വാണിജ്യസമുച്ചയം പൊളിച്ച് പുതിയ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനിടെയാണ് വ്യാപാരികളുടെ പുനരധിവാസത്തിന്റെ പേരിൽ പ്രധാന പാർക്കിങ് കേന്ദ്രത്തിൽ കടകൾ നിർമിക്കുന്നത്. ഇതിന് കൗൺസിലിന്റെ അംഗീകാരമില്ലെന്നും ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയതെന്നും സാജൽ ആരോപിച്ചു. കൗൺസിലിൽ വിഷയം ചർച്ച ചെയ്തിരുന്നെങ്കിൽ വ്യാപാരികൾക്ക് അനുയോജ്യമായ മറ്റു സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും എന്നാൽ, അത് ബോധപൂർവം ഒഴിവാക്കി ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നും സാജൽ പറഞ്ഞു.
പ്രധാന പാർക്കിങ് കേന്ദ്രം ഇല്ലാതാകുന്നത് തൃക്കാക്കരയിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കും. 2018–19ൽ നിർമിച്ച പാർക്കിങ് കേന്ദ്രം പൊളിക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗമാണെന്നും എൽഡിഎഫ് ആരോപിച്ചു. നിർമാണത്തിലെ ചട്ടലംഘനങ്ങളും കരാർ നടപടികളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഭരണസമിതിയുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി പി സാജൽ പറഞ്ഞു.










0 comments