ad
Deshabhimani

"വികസനക്കര’യാകാൻ തൃക്കാക്കര

thrikkakkara

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 
കാക്കനാട് മാപ്രാണത്തെത്തിയ 
തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി 
അഡ്വ. പുഷ്പ ദാസിന് പ്രദേശവാസികൾ നൽകിയ സ്വീകരണം

avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Mar 27, 2026, 01:55 AM | 2 min read

തൃക്കാക്കര


പുഷ്‌പ ദാസിന്‌ ചെന്പനീർപൂവും കണിക്കൊന്നകളും നൽകി സ്വീകരിച്ചപ്പോൾ തൃക്കാക്കരയുടെ മനസ്സിൽ വിടർന്നത്‌ പ്രതീക്ഷകളുടെ പുതുപൂക്കൾ. വികസനത്തിൽ കിതയ്‌ക്കുന്ന തൃക്കാക്കര കുതിക്കാനായി എൽഡിഎഫിനൊപ്പം അണിചേരുന്നതിന്റെ നേർക്കാഴ്‌ചയായി പൊതുപര്യടനത്തിന്‌ ലഭിച്ച ആവേശംനിറഞ്ഞ സ്വീകരണങ്ങൾ. എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ച, പുഷ്‌പ ദാസിന്റെ വിജയം–ഇ‍ൗ ലക്ഷ്യത്തിലേക്ക്‌ ഒരേമനസ്സോടെ നീങ്ങുകയാണ്‌ നാട്‌.


‘‘ഇത്‌ ഞങ്ങളുടെ സർക്കാരാണ്‌. അത്‌ തുടരണം. ഇവിടെനിന്ന്‌ പുഷ്‌പ ദാസ്‌ ജയിക്കണം. നേരത്തേ വിജയിച്ച സ്ഥാനാർഥി പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളക്ഷാമം, മാലിന്യം.... നിരവധി പ്രശ്‌നങ്ങളുണ്ട്‌. ഞങ്ങൾ കഷ്ടപ്പെടുകയാണ്‌. അതിനെല്ലാം ഒരറുതി വേണം’’–എംഒപി നഗറിൽ സ്വീകരിക്കാനെത്തിയ ആര്യയുടെ വാക്കുകളിൽ മണ്ഡലത്തിന്റെ പരിതാപാവസ്ഥ. എല്ലാവർക്കും പറയാനുണ്ടായത്‌ ഇതേഅനുഭവങ്ങൾ.


കൈക്കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത്‌ സ്ഥാനാർഥിയെ കണാനും വിജയാശംസ നേരാനും കാത്തുനിൽക്കുന്ന അമ്മമാരുടെ മിഴികളിൽ നല്ല നാളെയുടെ സ്വപ്‌നങ്ങൾ. ‘‘ചേച്ചി ജയിക്കും, ഞങ്ങളെല്ലാം ഒപ്പമുണ്ട്‌’’–മാപ്രാണത്ത്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയ കാർത്തിക പറഞ്ഞു. കുഞ്ഞിന്‌ സ്‌നേഹമുത്തം നൽകി പുഷ്‌പ ദാസ്‌.


മൂന്നുസെന്റ്‌ നഗറിലെ ഓമനാമ്മ ഒരാവശ്യം മുന്നോട്ടുവച്ചു. ‘‘ജയിച്ചാൽ കൂടെയുണ്ടാകണമെന്ന്‌’’. ‘‘എന്നും എപ്പോഴും ഒപ്പമുണ്ടാകുമെന്ന്‌’’ സ്ഥാനാർഥി വാക്കുനൽകി. പ്രായത്തിന്റെ അവശതകൾ വകവയ്‌ക്കാതെ വന്നവർ സ്ഥാനാർഥിയെ സ്‌നേഹവാത്സല്യങ്ങളോടെ ചേർത്തുപിടിച്ച്‌ അനുഗ്രഹിച്ചു. തൊഴിലാളികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിലുള്ളവർ സ്വീകരിക്കാനെത്തി.


വികസനമാണ്‌ എൽഡിഎഫും താനും മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ പുഷ്‌പ ദാസ്‌. ‘‘മണ്ഡലത്തെ വികസനത്തിലേക്ക്‌ നയിക്കും. തൃക്കാക്കര ഇന്ന്‌ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കും. അതെ, എന്നും ഇ‍ൗ നാട്ടിലെ ജനങ്ങളോടാണ്‌ ഞങ്ങളുടെ ഡീൽ’’– നയവും ലക്ഷ്യവും സ്ഥാനാർഥി വ്യക്തമാക്കിയപ്പോൾ കൈയടി ഉയർന്നു. തുറന്നവാഹനത്തിൽ ഇരുചക്രവാഹനറാലിയുടെ അകന്പടിയോടെയായിരുന്നു പര്യടനം.


കരിമരുന്നുപ്രയോഗവും മുദ്രാവാക്യം വിളികളും ആവേശം നിറച്ചു. മുണ്ടംപാലത്ത്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്‌ മണി ഉദ്‌ഘാടനം ചെയ്‌തു. കെ കെ സന്തോഷ്‌ ബാബു അധ്യക്ഷനായി. കൊല്ലംകുടിമുകൾ, ചിറക്കപ്പടി, കണ്ണംകുളം, മാണികുളങ്ങര, പാട്ടുപുരനഗർ, ഡിഎൽഎഫ്‌, തൈക്കാവ്‌, പാപ്പുകുടം, പാറക്കമുകൾ, പാറക്കമുകൾ ജങ്‌ഷൻ, നിലംപതിഞ്ഞി ജങ്‌ഷൻ, കുഴിക്കാട്ടുമൂല, ബിഎസ്‌എൻഎൽ, കീരേലിമല, അത്താണി ജങ്‌ഷൻ, നെടുംകുളങ്ങരമല, പള്ളത്തുഞാൽ നഗർ, നവോദയ ജങ്‌ഷൻ, നവോദയ മില്ലുപടി, ഞാലിക്കാട്ടിൽപരിസരം, മില്ലുംപടി, വായനശാല, കുഴിക്കാല, ബി നഗർ, എ നഗർ, വെമ്മലത്ത്‌, ഉരലുകുത്തിപ്പാറ, അംബേദ്‌കർ നഗർ, മനക്കക്കടവ്‌ ജങ്‌ഷൻ, സ്‌കൂൾ താഴം, കളത്തിക്കുഴി, എ കെ ജി നഗർ, വള്ളിയാത്ത്‌ അന്പലം പരിസരം, സ്‌മാർട്ട്‌സിറ്റി ഇടച്ചിറ ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്വ‍ീകരണം നൽകി.


വൈറ്റില, പൊന്നുരുന്നി, വെണ്ണല, തൈക്കൂടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ പര്യടനം നടത്തി. എൻഡിഎ സ്ഥാനാർഥി അഖിൽമാരാർ ചിറ്റേത്തുകര, പാലച്ചുവട്‌, വെണ്ണല എന്നിവിടങ്ങളിൽ വോട്ട്‌ അഭ്യർഥിച്ചു.


പുഷ്‌പ ദാസ്‌ വെള്ളിയാഴ്‌ച മാമംഗലം പി ജെ റോഡിൽനിന്ന്‌ പര്യടനം തുടങ്ങും. വിവിധ കേന്ദ്രങ്ങളിലെ സ്വ‍ീകരണശേഷം ഇടപ്പള്ളി അഴയിൽ സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home