ത്രിതല പഞ്ചായത്ത് അധ്യക്ഷർ ചുമതലയേറ്റു

ചുമതലയേറ്റ ശേഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണനും വൈസ് പ്രസിഡന്റ് സിന്റ ജേക്കബും
കൊച്ചി
ജില്ലയിലെ പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ചുമതലയേറ്റു. 82 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 70 പഞ്ചായത്തുകളിൽ യുഡിഎഫ് പ്രസിഡന്റുമാരാണ്. ഏഴ് പഞ്ചായത്തുകളെ എൽഡിഎഫ് പ്രസിഡന്റുമാർ നയിക്കും. നാല് പഞ്ചായത്തുകളിൽ ട്വന്റി 20 ജനപ്രതിനിധികൾ പ്രസിഡന്റായി വിജയിച്ചു. വെങ്ങോല പഞ്ചായത്തിൽ ക്വാറം തികയാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ചയിലേക്ക് മാറ്റി. തെരഞ്ഞെടുക്കപ്പെട്ടവർ അതത് വരണാധികാരികൾക്കുമുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി.
14 ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടിടത്ത് എൽഡിഎഫ് പ്രസിഡന്റുമാരാണ്. 12ൽ യുഡിഎഫും. കെ ജി രാധാകൃഷ്‌ണനാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. ആലങ്ങാട് ഡിവിഷൻ അംഗമായ സിന്റ ജേക്കബാണ് വൈസ് പ്രസിഡന്റ്. കലക്ടർ ജി പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തു. പാന്പാക്കുട ഡിവിഷനിൽനിന്നാണ് രാധാകൃഷ്‌ണൻ വിജയിച്ചത്.
നറുക്കെടുപ്പിൽ പോത്താനിക്കാടും വടവുകോടും എൽഡിഎഫിന്
പോത്താനിക്കാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിന്റെ കെ പി ജെയിംസ് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിൽ എൽഡിഎഫിന് ലഭിച്ചു. ലൂസി സന്തോഷിനാണ് നറുക്ക് വീണത്.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. അമൃത സനൂപാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് നറുക്ക് യുഡിഎഫിലെ ബിജു കെ ജോർജിനെ തുണച്ചു. നറുക്കെടുപ്പിലൂടെ ട്വന്റി 20യിലെ പൂജ ജോമോൻ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫിലെ ജോൺ ജോസഫ് വൈസ് പ്രസിഡന്റുമായി. യുഡിഎഫിലെ ആഷ പൗലോസ് നറുക്കെടുപ്പിൽ ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ എൽഡിഎഫിലെ സുനിൽ ദത്ത് വൈസ് പ്രസിഡന്റായി.
വെങ്ങോലയിൽ മാറ്റി; തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച
വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ചയിലേക്ക് മാറ്റി. ശനിയാഴ്‌ച തെരഞ്ഞെടുപ്പിനുള്ള ക്വാറം തികയാതിരുന്നതിനെ തുടർന്നാണിത്.
യുഡിഎഫിനെ ജയിപ്പിച്ച് ട്വന്റി 20
വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ വിജയിപ്പിച്ചത് ട്വന്റി 20. രണ്ട് അംഗങ്ങളാണ് ട്വന്റി 20ക്കുള്ളത്. ഇരുവരും യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ടുചെയ്തു.
കല്ലൂർക്കാടിൽ ‘സ്വതന്ത്ര’യെ പ്രസിഡന്റാക്കി യുഡിഎഫ്
കല്ലൂർക്കാട് പഞ്ചായത്തിൽ സ്വതന്ത്രയായി വിജയിച്ചയാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണച്ച് യുഡിഎഫ്. അഞ്ചുവീതം ജനപ്രതിനിധികളാണ് എൽഡിഎഫിനും യുഡിഎഫിനുമുണ്ടായത്. രണ്ട് ബിജെപി സ്വതന്ത്രരും രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. വാഗ്‌ദാനങ്ങൾ നൽകി സ്വതന്ത്രരുടെ പിന്തുണ നേടി. ഇതിൽ ഒരാളെ പ്രസിഡന്റാക്കുകയും ചെയ്‌തു.










0 comments