മൊബൈൽ ഫോൺ കടയിൽ മോഷണം: ഒരാൾ അറസ്റ്റിൽ

സാനു സേവ്യർ
മൂവാറ്റുപുഴ
വാഴക്കുളം ടൗണിൽ മൊബൈൽ ഫോൺ കടയിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. എടത്തല എൻഎഡി തൈപ്പറമ്പിൽ സാനു സേവ്യറിനെയാണ് (34) വാഴക്കുളം പൊലീസ് ആലുവയിൽനിന്ന് പിടികൂടിയത്. ഒപ്പമുണ്ടായിരുന്നയാളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. സാനുവിൽനിന്ന് അഞ്ച് മൊബൈൽ ഫോണുകളും 25,000 രൂപയും കണ്ടെത്തി. കഴിഞ്ഞ 10ന് രാത്രിയാണ് സംഭവം. വാഴക്കുളം ടൗണിൽ നിയ മൊബൈൽസിലാണ് മോഷണം നടന്നത്. കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ പൂട്ടും ഒരാൾക്ക് കടക്കാൻപാകത്തിന് ചില്ലുവാതിലും തകർത്താണ് പ്രതികൾ അകത്തുകയറിയത്.
കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ, കേടുപാടുമാറ്റാൻ ആളുകൾ നൽകിയ 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷ്ടിച്ചത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ ഡെബിൻ മോഷണം നടന്നത് അറിയുന്നത്. രാത്രിയിൽ അടുത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിനുസമീപം ബൈക്ക് നിർത്തി ഹെൽമെറ്റ് ധരിച്ച രണ്ടുപേർ റോഡിലൂടെ മൊബൈൽ കടയിലേക്ക് നടന്നടുക്കുന്ന ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ കാമറയിൽനിന്ന് കണ്ടെത്തിയിരുന്നു.
സാനുവിനെ പൊലീസ് കടയിൽ എത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി അബ്ദുൾ മുനീർ, വാഴക്കുളം എസ്‌എച്ച്‌ഒ എ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments