അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിലെ മോഷണം; മുൻ പൂജാരി അറസ്‌റ്റിൽ

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
വൈപ്പിൻ
കാളമുക്ക് മല്ലികാർജന ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ മുൻ പൂജാരി അമ്പലപ്പുഴ അത്രപ്പിള്ളി മഠത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ(50) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം പൊതിഞ്ഞ 108 മുത്തുകൾ ഉള്ള രുദ്രാക്ഷമാലയിൽ നിന്നും 73 മുത്തുകൾ കവർന്ന കേസിലാണ് അറസ്‌റ്റ്.
മുൻ ക്ഷേത്രം മാനേജർ രമേശനാണ് പരാതി നൽകിയത്. പ്രതി ഇൗ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന 2025 ജനുവരി ഒന്നിനും 2006 മാർച്ച് 22നും ഇടയിൽ പലപ്പോഴായി മുത്തുകൾ കവർന്നതെന്നാണ് കരുതുന്നത്. ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പരിശോധിച്ചതിൽ പൊലീസ് കേസുകൾ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ സമാനമായ ഒരു കേസ് പിറവം സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തി. ഇതിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഴീക്കൽ മല്ലികാർജുനക്ഷേത്രത്തിലെ മോഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിച്ചശേഷമാണ് അറസ്റ്റ്. വില്പന നടത്തിയ തൊണ്ടിമുതൽ വീണ്ടെടുത്തു. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം ഡിവൈഎസ് പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഞാറക്കൽ എസ്എച്ച്ഒ കെ സതീഷ്, പ്രിൻസിപ്പൽ എസ്ഐ എ എസ് അരുൺ, എസ്ഐമാരായ സച്ചിൻ എസ് കാർമൽ, ആന്റണി ജയ്സൺ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.









0 comments