ഇന്ന് വായനദിനം അറിവിന്റെ അക്ഷരമധുരവും നുകരാം സുരേന്ദ്രയുടെ ചായക്കടയിൽ

മഞ്ചേശ്വരം ഉദ്യാവർ മാടയിലെ കൊച്ചു ചായക്കടയിലേക്ക് കയറുമ്പോൾ സ്‌റ്റൗവിൽ തിളച്ചുമറിയുന്ന ചായയുടെ ഗന്ധത്തോടൊപ്പം അക്ഷര സുഗന്ധവും പരക്കും. കന്നഡയും മലയാളവും ഇംഗ്ലീഷും തമിഴുമടക്കം വിവിധ ഭാഷകളിലായി പതിനായിരത്തോളം പുസ്തകങ്ങൾ നിരത്തിവച്ച ഒരു അക്ഷരപ്പുരയുണ്ട് ഈ ചായക്കടയ്ക്കുള്ളിൽ. അലമാരകളിലും മേശകളിലും ബെഞ്ചുകളിലും എന്തിന് തറയിൽവരെ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നു. ഉദ്യാവർ മാട സ്വദേശിയായ അമ്പത്താറുകാരൻ സുരേന്ദ്ര കോട്ടിയാനാണ് ചായക്കടയിലെത്തുന്നവർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നത്. സമീപത്തെ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വായനയുടെയും അറിവിന്റെയും പാഠം പകർന്നുനൽകാനാണ് രണ്ടുവർഷംമുന്പ് വീട്ടിൽനിന്ന് പുസ്‌തകങ്ങൾ കടയിലേക്ക് കൊണ്ടുവന്നതെന്ന് സുരേന്ദ്ര പറയുന്നു. സ്റ്റൗവിൽ തിളയ്ക്കുന്ന ചായ ഗ്ലാസുകളിലേക്ക് പകരുന്ന തിരക്കിനിടയിലും സുരേന്ദ്രന് സംസാരിക്കാനുള്ളത് തന്റെ ചായക്കടയിലെ വിജ്ഞാനസമ്പത്തിനെക്കുറിച്ചുമാത്രം. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ചിന്തകൾ തൊട്ട് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മാതംഗലീല'വരെ ആ അലമാരകളിൽ വായനക്കാരെ കാത്തിരിക്കുന്നുണ്ട്. അലമാരകളിൽ മാത്രമല്ല, ബെഞ്ചുകളിലും തറയിലും നിരവധി പുസ്‌തകങ്ങൾ അടുക്കിവച്ചിട്ടുണ്ട്. പുസ്തകങ്ങൾ കടയിലിരുന്ന് വായിക്കുക മാത്രമല്ല, വീട്ടിൽ കൊണ്ടുപോകാനും സുരേന്ദ്ര അനുവദിക്കും. പണമൊന്നും വാങ്ങാതെയുള്ള ഈ സ്നേഹവായനയ്ക്ക് ഒരേയൊരു നിബന്ധനമാത്രം. പുസ്തകം കൊണ്ടുപോകുന്നവർ കടയിലെ ചെറിയ ‘പറ്റുബുക്കി’ൽ പേരും ഫോൺ നമ്പറും പുസ്തകത്തിന്റെ വിവരങ്ങളും കുറിച്ചുവയ്‌ക്കണം; കൃത്യം രണ്ടാഴ്ചയ്ക്കകം അത് തിരികെ എത്തിക്കുകയുംവേണം. ചിലർ തിരികെയെത്തിക്കാറില്ലെങ്കിലും പരിഭവമില്ല. ‘വായിക്കാനല്ലേ. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ’ എന്നതാണ് സുരേന്ദ്രയുടെ പക്ഷം. തുളുനാടിന്റെ ചരിത്രം, നാടോടിക്കഥകൾ, സംസ്കാരം എന്നിവയുടെ ഓർമകൾ ശേഖരിച്ചുവരുന്ന ഒരു അക്ഷരപ്രേമി കൂടിയാണ് ഇദ്ദേഹം. "ഒരു ജാതി, ഒരു മതം, ഒരു ദൈവം; അറിവാണ് ദൈവം' കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡിലെ വാക്കുകൾ കേരളത്തിന്റെ പാരന്പര്യം മുറുകെപ്പിടിക്കുന്നതാണ്. കടയുടെ ബോർഡിലാകട്ടെ "വിദ്യാധനം സർവധനാൽ പ്രധാനം' എന്നുമാണുള്ളത്. "പുസ്‌തകങ്ങളുടെ ലോകത്തേക്ക് കാലെടുത്തുവച്ചാൽ പിന്നെ അതിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ല," സുരേന്ദ്ര പറയുന്നു. 15 വയസുള്ളപ്പോൾ തുടങ്ങിയതാണ് പുസ്‌തക ശേഖരണം. അമ്മ ശേഷമ്മയോടൊപ്പം നടത്തിവന്ന പച്ചക്കറിക്കടയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് പുസ്‌തകങ്ങൾ വാങ്ങിയത്. തന്റെ പുസ്‌തകശേഖരത്തിനുപിന്നിൽ അമ്മയുടെ വാക്കുകളുടെ സ്വാധീനമുണ്ട്. "കണ്ണുകാണാത്തവർക്ക് നീ കണ്ണാകണം' എന്നാണ് ആ അമ്മ പറഞ്ഞത്.










0 comments