ad
Deshabhimani

ഹിമാചലിലേക്ക് കാൽനടയാത്ര ഹമൂദിന്റെ തളരാത്ത ചുവടുകളുടെ 
നിശ്ചയദാർഢ്യം

ഹമൂദ് ദേശീയപാതയിലൂടെ മഞ്ചേശ്വരത്ത് എത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Jun 19, 2026, 03:00 AM | 1 min read

കാസർകോട് കേരളത്തിന്റെ മണ്ണിൽനിന്ന് ഹിമാചലിന്റെ മഞ്ഞുമലകളിലേക്ക് കാൽനടയായി യാത്ര. കാതങ്ങൾ താണ്ടി മുന്നേറുമ്പോൾ പിറക്കുന്നത് പുതിയ ചരിത്രം. കണ്ണൂർ പാനൂർ കടവത്തൂരിലെ ഇരുപത്തൊന്നുകാരൻ സി എച്ച് ഹമൂദിന്റെ ഓരോ ചുവടുകൾക്കും ലക്ഷ്യബോധത്തിന്റെ കരുത്തുണ്ട്. 11 നാണ് നാട്ടിൽ നിന്ന് യാത്രതിരിച്ചത്. ബാഗ്‌പാക്കിൽ കിടക്കാനുള്ള ടെന്റും അത്യാവശ്യം വേണ്ട വസ്ത്രങ്ങളും യാത്രയിൽ ഉപയോഗിക്കേണ്ട മുൻകരുതൽ വസ്തുക്കളും മാത്രം. കാസർകോട് അതിർത്തി കടക്കാൻ എട്ടുദിവസമെടുത്തു. നാലരമാസമെടുക്കും ഹിമാചലിലെ മണാലിയിലെത്താൻ. 3,155 കിലോമീറ്ററാണ് കടവത്തൂരിൽനിന്നുള്ള ദൂരം. മംഗളൂരു, ഉഡുപ്പി, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ വഴി സഞ്ചരിക്കാനാണ് നിലവിലെ പ്ലാൻ. ഓരോ നാട്ടിലെയും സംസ്കാരം, ഭക്ഷണം, ഭാഷ എന്നിവ അറിയണം. മനുഷ്യരുടെ ജീവിതങ്ങൾ കണ്ടറിയണം. പെട്രോൾ പമ്പുകളിലും ധാബകളിലുമായി ടെന്റടിച്ച് താമസിക്കും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അറിയാം. എന്തുവന്നാലും പിന്നോട്ടില്ലെന്ന് ഹമൂദ്‌ പറയുന്നു. കല്ലാച്ചി എംഇടി ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് ബിസിഎ പൂർത്തിയാക്കി. പരീക്ഷ ഫലത്തിന് കാത്തിരിക്കെയാണ് യാത്ര. ഏപ്രിലിൽ നേപ്പാളിലെ എവറസ്റ്റിലേക്കുള്ള അന്നപൂർണ ബസ് ക്യാമ്പ് നടന്ന് കയറിയിരുന്നു. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ചെയ്തും വാഹനമോടിച്ചും കിട്ടുന്ന പണം ശേഖരിച്ചാണ് യാത്രാച്ചെലവ് കണ്ടെത്തുന്നത്. കുടുംബത്തിന്റെ പിന്തുണയും കൂടെയായപ്പോൾ ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടുതൽ മനോഹരമായി. ബാപ്പ സി എച്ച് ജാഫർ. ഉമ്മ റാഹില. ഹംദാൻ ജാഫർ, അമാൻ ജാഫർ എന്നിവരാണ് സഹോദരങ്ങൾ. യാത്രയുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യണം. കൂടുതൽ സ്ഥലങ്ങൾ കാണണം. അടുത്തറിയണം. യാത്രാപ്രേമികൾക്ക് അവ പറഞ്ഞുകൊടുക്കണം. ഹമൂദ്‌ യാത്ര തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home