പെരിയാറിന്റെ ഓളപ്പരപ്പില്‍ തോമസ് മാത്യുവിന്റെ അതിജീവനം

പെരിയാറിൽനിന്ന് വലയിൽ ലഭിച്ച ഏഴ് കിലോ തൂക്കമുളള രോഹു മീനുമായി തട്ടേക്കാട് കടവിൽ തോമസ് മാത്യു
ജോഷി അറയ്ക്കൽ
Published on Mar 16, 2026, 01:35 AM | 1 min read
കോതമംഗലം
തട്ടേക്കാടിന്റെ വിരിമാറിലൂടെ ഒഴുകുന്ന പെരിയാറിന്റെ ഓളപ്പരപ്പില്‍ മനക്കരുത്തുകൊണ്ട് ജീവിതത്തില്‍ മുന്നേറുകയാണ് കീരംപാറ തണ്ടിയേൽക്കുടി വീട്ടിൽ തോമസ് മാത്യു. നാലാംവയസ്സിൽ പോളിയോ വന്ന് അരയ്ക്കുതാഴെ തളർന്നുപോയെങ്കിലും ഉപജീവനത്തിന് പെരിയാറിലേക്ക് മത്സ്യബന്ധനത്തിനിറങ്ങിയാല്‍ കൈനിറയെ പിടയ്ക്കുന്ന മീനുമായാണ് തോമസ് മാത്യു എന്നും കരയ്ക്കണയാറ്.
മുച്ചക്രവാഹനത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഈ നാല്‍പത്തിയൊമ്പതുകാരന്‍ മീന്‍പിടിക്കാനെത്തും. കൈക്കരുത്തില്‍ നീന്തി, വള്ളത്തിലേക്ക് കയറും. പെരിയാറില്‍ ഉടക്കുവലയും തണ്ടാടിയും ചൂണ്ടയുമാണ് ഇദ്ദേഹത്തിന്റെ ആയുധങ്ങള്‍. തട്ടേക്കാട് പാലത്തിന് താഴ്വശത്താണ് പ്രധാനമായും മീൻപിടിത്തം.
മൂന്നുകിലോമുതൽ ഏഴുകിലോ തൂക്കമുള്ള രോഹു ഇനം മീനുകൾ ഇദ്ദേഹത്തിന് ലഭിക്കാറുണ്ട്. സ്ഥിരമായി മീൻ വാങ്ങുന്ന നിരവധി ഉപഭോക്താക്കളുണ്ട്. മീൻ കിട്ടുമ്പോൾ ഇവരെ മൊബൈൽ ഫോണിലൂടെ അറിയിക്കുകയാണ് പതിവ്. മികച്ച ചിത്രകാരനും കർഷകനുംകൂടിയാണ് തോമസ്. ശരീര പരിമിതിയുണ്ടെങ്കിലും തന്നാല്‍ക്കഴിയുന്ന എന്തുജോലി ചെയ്യാനും തയ്യാറാണെന്നും തോമസ് പറയുന്നു.










0 comments