ഒറ്റ പ്രസവത്തിൽ 4 പെൺകുട്ടികൾ, ആകെ ഏഴ് മക്കൾ: 10 സീറ്റുള്ള കാർ വാങ്ങാൻ ധനസമാഹരണവുമായി കുടുംബം

Photo: NDTV
സിഡ്നി: ഒറ്റ പ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി യുവതി. ഓസ്ട്രേലിയൻ ദമ്പതികൾക്കാണ് അപൂർവമായി നാലുകുഞ്ഞുങ്ങൾ ഒരേ സമയം ജനിച്ചത്. നിലവിൽ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഇതോടെ സാമ്പത്തികനില പരുങ്ങലിലായ കുടുംബം ഓൺലൈൻ ധനസമാഹരണം ആരംഭിച്ചു.
ദമ്പതികൾ പ്രധാനമായും മുൻപോട്ടുവച്ച ആവശ്യം 10 സീറ്റുള്ള കാർ വാങ്ങണമെന്നതാണ്. ഏഴ് മക്കളുമായി നടത്തേണ്ടി വരുന്ന ആശുപത്രി സന്ദർശനങ്ങൾ, സ്‌കൂൾ യാത്രകൾ, കുടുംബസമേതമുള്ള യാത്രകൾ എന്നിവ ബുദ്ധിമുട്ടേറിയതാണ്. ആയതിനാൽ 10 സീറ്റുള്ള വാൻ വാങ്ങുന്നതിനായാണ് ഓൺലൈൻ ധനസമാഹരണം നടത്തുന്നതെന്നും ദമ്പതികൾ പ്രതികരിച്ചു. നാല് പെൺകുഞ്ഞുങ്ങളുടെ ജനനം ജീവിതത്തിലെ മറക്കാനാകാത്ത അനുഗ്രഹമാണെന്നും ഇരുവരും പ്രതികരിച്ചു.
ഡയപ്പറുകൾ, കുഞ്ഞുങ്ങളുടെ ഭക്ഷണം, വസ്‌ത്രങ്ങൾ തുടങ്ങിയ ദൈനംദിന ചെലവുകൾക്ക് പുറമെ സുരക്ഷിതവും വിശാലവുമായ ഒരു വാഹനം വാങ്ങുകയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമായി മാറിയിരിക്കുന്നത്. ഇത്ര വലിയ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഗണ്യമായ സാമ്പത്തിക ചെലവ് ആവശ്യമായി വരുന്നതായും അവർ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സുഹൃത്തുക്കളും പ്രദേശവാസികളും വിവിധ രീതികളിൽ സഹായവുമായി രംഗത്തെത്തി. നിരവധിപേർ ദമ്പതികൾക്ക് ആശംസകളും പിന്തുണയും അറിയിച്ച് രംഗത്ത് വന്നു.










0 comments