മണ്ണടിക്കൽ പ്രശ്നത്തിന് പരിഹാരമായി

നായത്തോട് പാടശേഖരം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ജനപ്രതിനിധികളുമായും സിപിഐ എം പ്രവർത്തകരുമായും സിയാൽ അധികൃതർ ചർച്ച ചെയ്യുന്നു
അങ്കമാലി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർപോർട്ട് പുനരധിവാസകേന്ദ്രമായ നായത്തോട് ആറുസെന്റ് ഭാഗത്ത് സോളാർ പാനൽ സ്ഥാപിക്കുന്നതിനായി മണ്ണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന് പരിഹാരമായി.
മണ്ണ് കൊണ്ടുപോകുമ്പോൾ പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാരുടെയും സിപിഐ എം പ്രവർത്തകരുടെയും നേതൃത്വത്തിൽ ടിപ്പറുകൾ തടഞ്ഞിരുന്നു. തുടർന്ന് സിയാൽ അധികൃതർ ചർച്ചയ്ക്ക് അവസരമൊരുക്കുകയായിരുന്നു.
നിർമാണപ്രവൃത്തിമൂലം വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഡ്രെയിനേജുകൾ നിർമിക്കാനും നിലവിലുള്ള നീർച്ചാലുകൾ കെട്ടി സംരക്ഷിച്ച് തോടുമായി ബന്ധിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. തോട് വീതികൂട്ടി തുറയിലേക്ക് ബന്ധിപ്പിക്കും. തുടർനടപടി ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കും. പാടത്തുനിന്ന് നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള മുനിസിപ്പൽ റോഡിൽ കട്ട വിരിക്കാനും റോഡിനോടുചേർന്ന് ഡ്രെയിനേജ് നിർമിക്കാനുമുള്ള പ്രവർത്തനവും ഒരുമാസത്തിനകം ആരംഭിക്കും. പകൽസമയത്തെ മണ്ണടിക്കൽ പൂർണമായും ഉപേക്ഷിക്കും. വെള്ളക്കെട്ട് ഉണ്ടാകാത്ത പരിധിയിൽ മാത്രം നിലംനികത്തും.
ചർച്ചയിൽ സിയാലിനെ പ്രതിനിധാനംചെയ്‌ത് എയർപോർട്ട് ഡയറക്ടർ ജി മനു, സിവിൽഹെഡ് ടി രാജേന്ദ്രൻ, സിവിൽ എൻജിനിയറിങ് ഡിജിഎം ടി പി ഉഷാദേവി, എജിഎം എൽ എ ഡൊമിനിക് ഫെർണാണ്ടസ് എന്നിവരും നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, നഗരസഭ കൗൺസിലർമാരായ ദീപ ജയകുമാർ, ലതിക രാജൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എ അനീഷ്, ജിജോ ഗർവാസീസ്, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രഥീഷ് കുമാർ കെ മാണിക്യമംഗലം, രജനി ശിവദാസൻ തുടങ്ങിയവരും പങ്കെടുത്തു.










0 comments