വളയന്‍ചിറങ്ങര –തുരുത്തിപ്ലി റോഡ് തകർന്നു

തകർന്ന് സഞ്ചാരയോഗ്യമല്ലാതായ വളയൻചിങ്ങര–തുരുത്തിപ്ലി റോഡ്
പെരുമ്പാവൂർ
വളയൻചിറങ്ങര–തുരുത്തിപ്ലി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും എംഎൽഎ അടക്കമുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഈ റോഡിനോടുചേർന്ന് യുപി സ്കൂൾ, ആയുർവേദ ആശുപത്രി, ഡയാലിസിസ് സെന്റർ, നിരവധി ദേവാലയങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേക്ക് പോകുന്നവർ വലിയ ദുരിതത്തിലാണ്.
മണ്ണൂർ പോഞ്ഞാശേരി റോഡ് വാരിക്കാടുമുതൽ വെങ്ങോലവരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഐരാപുരം റബർ പാർക്കിലേക്ക് പോകുന്ന കണ്ടെയ്നർ ലോറികളടക്കം നിരവധി ഭാരവാഹനങ്ങളാണ് ഇതിലൂടെ തിരിച്ചുവിട്ടിരിക്കുന്നത്. ഈ നടപടിയും റോഡിന്റെ നാശത്തിനു കാരണമായിട്ടുണ്ട്.
മഴക്കാലത്ത് നിരവധി ഇരുചക്രവാഹന യാത്രികർക്കാണ് റോഡിലെ കുഴിയിൽവീണ് പരിക്കുപറ്റിയിട്ടുള്ളത്. എരപ്പുകവലമുതൽ പുത്തൂരാൻകവലവരെ റോഡ് തകർന്ന നിലയിലാണ്. റോഡിന് ഇരുവശത്തായി താമസിക്കുന്ന വീട്ടുകാരും റോഡ് തകർന്നതുമൂലം ദുരിതജീവിതമാണ് നയിക്കുന്നത്. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന തുരുത്തിപ്ലി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് സെപ്തംബർ ഒന്നിന് ആരംഭിക്കും. പള്ളിയിലെത്തുന്ന വിശ്വാസികളും റോഡിന്റെ ദയനീയസ്ഥിതിമൂലം ദുരിതത്തിൽ ആവുമെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരുനടപടിയും സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments