ad
Deshabhimani

റോഡ് കുത്തിപ്പൊളിച്ചിട്ടിട്ട്
നാലുമാസം: ജനം ദുരിതത്തിൽ

The broken road

ചെറിയപ്പിള്ളി - തുരുത്ത് റോഡ് കുത്തിപ്പൊളിച്ചിട്ട നിലയിൽ

വെബ് ഡെസ്ക്

Published on Jun 07, 2026, 03:07 AM | 1 min read

പറവൂർ


കരാറുകാരൻ കയ്യൊഴിഞ്ഞതിനാൽ കുത്തിപ്പൊളിച്ച റോഡിലൂടെ യാത്ര ചെയ്യാനാകാതെ ജനങ്ങൾ ദുരിതത്തിൽ. കോട്ടുവള്ളി പഞ്ചായത്തിലെ 17–-ാം വാർഡിന്റെ പരിധിയിലുള്ള ചെറിയപ്പിള്ളി–തുരുത്ത് റോഡാണ് റീടാറിങ് നടത്താനായി നാലുമാസം മുമ്പ് കുത്തിപ്പൊളിച്ചത്. ഇതിനുശേഷം അങ്ങോട്ട് തിരിഞ്ഞുനോക്കാതെ കരാറുകാരൻ മുങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു.


​ദിവസേന ഒട്ടേറെ വാഹനങ്ങളാണ് ദേശീയപാത 66 ചെറിയപ്പിള്ളിയിൽ നിന്ന്‌ തിരിഞ്ഞ് ഇതുവഴി തത്തപ്പിള്ളി, വാണിയക്കാട്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിലേക്ക്‌ പോയിരുന്നത്. റോഡ് കുത്തിപ്പൊളിച്ചതോടെ ഇതുവഴിയുള്ള വാഹനയാത്ര പൂർണമായും നിലച്ചു. നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ പ്രദേശത്ത്‌ താമസിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥമൂലം രോഗികളെ കൊണ്ടുപോകാൻ ഓട്ടോ പോലും വരാത്ത അവസ്ഥയാണെന്ന്‌ നാട്ടുകാർ പറഞ്ഞു.


പഞ്ചായത്തംഗം ആവശ്യപ്പെട്ടിട്ടുപോലും കരാറുകാരൻ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണെന്നും ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാർഥികളുമായി വരുന്ന വാഹനങ്ങൾപോലും കുഴിയിൽചാടി നിയന്ത്രണം തെറ്റുകയാണ്. രാത്രിസമയത്തും അപകടം പതിവാണ്. എത്രയും വേഗം റോഡ് റീടാറിങ് ആരംഭിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home