ഓഡിറ്റിൽ ഗുരുതര കണ്ടെത്തൽ
തൃക്കാക്കര നഗരസഭയ്ക്ക് 3.15 കോടിയുടെ പദ്ധതിവിഹിതം നഷ്ടം

കാക്കനാട്
സർക്കാർ ഗ്രാന്റുകളും പദ്ധതിവിഹിതവും സമയബന്ധിതമായി വിനിയോഗിക്കാത്തതിനെത്തുടർന്ന് തൃക്കാക്കര നഗരസഭയ്ക്ക് 3.15 കോടിയുടെ വികസനഫണ്ട് നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ട്. പൊതുപണം കൈകാര്യം ചെയ്തതിലെ വീഴ്ചകളും ചട്ടലംഘനങ്ങളും ഉൾപ്പെടെ നിരവധി ഗുരുതരക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയത്.
ശുചിത്വമിഷൻ ഗ്രാന്റായി ലഭിച്ച 11.50 ലക്ഷം രൂപയും സ്പെഷ്യൽ ഗ്രാന്റിലെ 98,497 രൂപയും ഉൾപ്പെടെ 12.49 ലക്ഷംരൂപ ചെലവഴിക്കാതെ കിടന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്കരണത്തിനായി അനുവദിച്ച 9.36 ലക്ഷം രൂപയും വിനിയോഗിച്ചില്ല. മുൻവർഷങ്ങളിൽ ലഭിച്ച തുകകളുമുൾപ്പെടെ വിവിധ പദ്ധതികൾക്കായി അനുവദിച്ച 3.15 കോടി രൂപ ചെലവഴിച്ചില്ല.
കാമറ ഓപ്പറേറ്റർ നിയമനം ചട്ടവിരുദ്ധം
നഗരസഭ സ്ഥാപിച്ച നിരീക്ഷണകാമറകളുടെ പ്രവർത്തനത്തിനായി കാമറ ഓപ്പറേറ്ററെ നിയമിച്ചത് ചട്ടവിരുദ്ധമാണ്. നഗരസഭകളിൽ ഇത്തരം തസ്തിക നിലവിലില്ലാത്ത സാഹചര്യത്തിൽ പ്രതിദിനം 675 രൂപ നിരക്കിൽ 2024–-25 സാമ്പത്തികവർഷത്തിൽ വേതനം നൽകി.
കരാറുകാർക്ക് മുൻകൂർ പണം
നിർമാണപ്രവൃത്തികളിൽ കരാറുകാർക്ക് ചട്ടവിരുദ്ധമായി മുൻകൂർ പണം നൽകി. 13.50 ലക്ഷം രൂപയുടെ ചെലവിന്റെ കണക്കുകൾ ലഭ്യമാക്കിയില്ല. 11–-ാം വാർഡിൽ പൊതുകിണറിൽ മോട്ടോർ സ്ഥാപിച്ചതിന് വ്യത്യസ്തഫയലുകൾ മുഖേന കരാറുകാരന് രണ്ട് പ്രാവശ്യം 59,539 രൂപയുടെ ചെക്ക് നൽകി.
ഇന്റർലോക്ക് കട്ടകൾക്ക് അമിതവില
റോഡ് നിർമാണത്തിനും നവീകരണത്തിനുമായി വാങ്ങിയ ഇന്റർലോക്ക് കട്ടകൾക്ക് അമിത നിരക്ക് നൽകി. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക പൂർണമായി വിനിയോഗിച്ചെങ്കിലും അതിന് അനുസൃതമായ പ്രവൃത്തി നടപ്പിലായില്ല. വൻകിടസ്ഥാപനങ്ങളിൽ നിന്ന് കോടികളുടെ വസ്തുനികുതി ലഭിക്കാനുണ്ട്. പൊതുപണത്തിന്റെ വിനിയോഗത്തിലെ ഗുരുതരവീഴ്ചകളും ഭരണപരമായ അലംഭാവവും ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടിന്മേൽ അടുത്ത ആഴ് ചേരുന്ന കൗൺസിലിൽ ചർച്ച നടക്കും.










0 comments