‘വിദ്യാർഥികൾ നമ്മുടെ ശത്രുക്കളല്ല’; പൊലീസ് അതിക്രമത്തിനെതിരെ അഭിരാമി, റഹ്മാൻ, ചിന്മയി

ന്യൂഡൽഹി: ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദയും അഭിനേതാക്കളായ റഹ്മാനും അഭിരാമിയും. വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്നും അവർ രാജ്യത്തിന്റെ ശത്രുക്കളല്ല, ഭാവിയാണെന്നും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
കുട്ടികളെയും കൗമാരക്കാരെയും സ്ത്രീകളെയും പൊലീസ് കൈകാര്യം ചെയ്തതിന്റെ നിരവധി ദൃശ്യങ്ങൾ കണ്ടതായി ചിന്മയി ശ്രീപാദ പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ കുത്തുകയും നെഞ്ചിൽ അടിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ക്രൂരതകൾ ദൃശ്യങ്ങളിലുണ്ടെന്ന് ചിന്മയി ചൂണ്ടിക്കാട്ടി. സാധാരണ വേഷമണിഞ്ഞെത്തിയ ചിലർ പ്രതിഷേധക്കാരെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും കുട്ടികൾക്കുനേരെ ഇത്തരം ആക്രമണം നടത്താൻ നിർദേശിച്ച ഒരാൾ പിന്നിലുണ്ടെന്നും ചിന്മയി വിമർശിച്ചു. പാഠപുസ്തകങ്ങളിൽനിന്ന് സർക്കാർ ഒഴിവാക്കിയ ചരിത്രവും വായിക്കണമെന്നും ചരിത്രം ആവർത്തിക്കുമെന്നും അതുകൊണ്ടാണ് ഏകാധിപതികൾ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഏറ്റുമുട്ടലിനേക്കാൾ കരുണയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകേണ്ടത്. വൈകുംമുമ്പ് വിദ്യാർഥികളുടെ ശബ്ദം കേൾക്കണം. അവർ നമ്മുടെ ശത്രുക്കളല്ല, ഇന്ത്യയുടെ ഭാവിയാണ്. അവർ എന്റെ കുട്ടികളെപ്പോലെയാണ്; നമ്മുടെ കുട്ടികളാണ്” എന്നായിരുന്നു നടൻ റഹ്മാന്റെ പ്രതികരണം.
ജന്തർ മന്തറിൽ നടക്കുന്നത് മനസ്സിൽനിന്ന് മായുന്നില്ലെന്ന് നടി അഭിരാമി പറഞ്ഞു. വർഷങ്ങളോളം പഠിച്ച് എല്ലാ നിയമങ്ങളും പാലിച്ച വിദ്യാർഥികൾ വഞ്ചിക്കപ്പെട്ടു. അത് സമാധാനപരമായി പറയാൻ ഡൽഹിയിലെത്തിയപ്പോൾ അവർക്ക് ലഭിച്ചത് ലാത്തിയും മൗനവുമാണെന്നും അഭിരാമി കുറിച്ചു.
സ്വന്തം കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോയെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും അഭിരാമി പറഞ്ഞു. പ്രാദേശിക പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും നിവേദനങ്ങളിൽ ഒപ്പിടാനും ശബ്ദമുയർത്താനും ആഹ്വാനം ചെയ്ത അവർ, ജനാധിപത്യ സംവിധാനത്തെ ഉത്തരവാദിത്തമുള്ളതാക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സിനിമാ–സാംസ്കാരിക രംഗത്തുനിന്ന് കൂടുതൽ പേർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുകയാണ്.









0 comments