ad
Deshabhimani

നിധിന്‍രാജിന്‍റെ മരണത്തിലെ അറസ്റ്റ്

റാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു; സർക്കാർ മറുപടി പറയണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

Dr M K Ram Nithin Raj

ഡോ. എം കെ റാം, നിധിന്‍രാജ്

വെബ് ഡെസ്ക്

Published on Jul 22, 2026, 12:59 PM | 1 min read

കൊച്ചി: അഞ്ചരക്കണ്ടി ഡന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി നിധിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഒന്നാംപ്രതി അധ്യാപകൻ ഡോ. എം കെ റാമിനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ ശ്രമിച്ചതെന്ന് കോടതി വിമർശിച്ചു. ഉദ്യോ​ഗസ്ഥനെ സർവീസിൽനിന്ന് നീക്കണം. കേസിൽ എന്താണ് സംഭവിച്ചതെന്ന് രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ മറുപടി നൽകണം. പ്രതിക്കായി ഇടപെട്ട ഉന്നത പൊലീസ് ഉദ്യോദ​ഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തിയില്ലെങ്കിൽ‌ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുമെന്നും മുന്നറിയിപ്പ് നൽകി.


സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ പൊലീസ് ഇടപെട്ടു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത വീഴ്ചയാണ് കേസിൽ സംഭവിച്ചത്. പ്രതിയുടെ ഭക്ഷണവും പണവും പൊലീസുകാർ വാങ്ങി. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതാണ് ഈ കേസിൽ കാണുന്നതെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിം​ഗിൾ ബെഞ്ച് നിരീക്ഷിച്ചു.


പ്രതി റാമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമം പാലിക്കാതിരുന്നതാണ്‌ കോടതിയുടെ കടുത്ത വിമർശത്തിന് ഇടയാക്കിയത്‌. തലശ്ശേരി കോടതി വിട്ടയച്ചതിന്‌ പിന്നാലെ കോടതി വളപ്പിൽനിന്ന് വീണ്ടും അറസ്റ്റ്‌ ചെയ്‌തതും മറ്റൊരു വീഴ്‌ചയായി. റാമിനെ പിടികൂടിയത്‌ കോടതി വിമർശത്തിനുശേഷമല്ലേ എന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അറസ്റ്റിനുള്ള കാരണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥന് അറിയില്ലേയെന്ന് നിധിൻരാജിന്റെ കുടുംബം നൽകിയ ഹർജി ബുധനാഴ്ച പരി​ഗണിക്കവെ കോടതി ചോദിച്ചു.


പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ എന്തൊക്കെ രേഖകളാണ് പൊലീസ് നൽകിയതെന്നും ഹൈക്കോടതി പരിശോധിക്കും. മജിസ്ട്രേറ്റ് കോടതിയിലെ രേഖകൾ എത്തിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരി​ഗണിക്കും.


പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കം വിവാദമായതോടെ പുതിയ അന്വേഷകസംഘത്തെ പ്രഖ്യാപിച്ച്‌ തലയൂരാനാണ്‌ ആഭ്യന്തരവകുപ്പിന്റെ ശ്രമം. നിലവിലുള്ള അന്വേഷക സംഘത്തെ പൂർണമായും മാറ്റി. എസ്‌പി മോഹനചന്ദ്രനാണ്‌ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home