കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു; അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുനർജന്മം

കൊല്ലം: കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അജിത് കുമാർ ബി (53) അന്തരിച്ചു. തൃക്കടവൂർ കുരീപ്പുഴ കോനവെട്ടത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ മകനാണ്. സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 19 ഞായറാഴ്ച രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ജൂലൈ 22 ബുധനാഴ്ച പുലർച്ചെ 1:00 മണിയോടെയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അവിവാഹിതനാണ്. സുരേഷ് കുമാർ ബി, അജിത കുമാരി ബി എന്നിവരാണ് സഹോദരങ്ങൾ.
ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്നും സമാഹരിച്ച അദ്ദേഹത്തിന്റെ അവയവങ്ങൾ പല ആശുപത്രികളിലായി അഞ്ച് പേർക്കാണ് ദാനം ചെയ്യുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലുമാണ് എത്തിക്കുക. ഇരു കോർണിയകളും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്ക് ദാനം ചെയ്യും.









0 comments