സഞ്ചാരികളെ മാടിവിളിച്ച് തട്ടേക്കാട് ; ബോട്ടിങ് പുനരാരംഭിച്ചു

ഭൂതത്താൻകെട്ടിലെ വാച്ച് ടവർ
ജോഷി അറയ്ക്കൽ
Published on Mar 13, 2025, 02:57 AM | 1 min read
കോതമംഗലം -
കാടിനെയും കാട്ടാറിനെയും തൊട്ടറിഞ്ഞ്, വിവിധയിനം പക്ഷിമൃഗാദികളെയും കണ്ടറിയാൻ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ബോട്ടിങ് പുനരാരംഭിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തട്ടേക്കാട് പക്ഷിസങ്കേതവും ഭൂതത്താൻകെട്ട് ഡാമും അനുബന്ധ മേഖലകളിലും സഞ്ചാരികളുടെ വരവ് വർധിച്ചു.
പെരിയാറ്റിലൂടെ നടത്തുന്ന ബോട്ട് യാത്രയാണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. 20 സീറ്റ്, 6 സീറ്റ് വീതമുള്ള രണ്ട് ബോട്ടുകളാണ് സവാരി നടത്തുന്നത്. രാവിലെ 7 മുതൽ 5 വരെയാണ് സമയം. ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭൂതത്താൻകെട്ടിൽനിന്ന് ആരംഭിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തിലെത്ത് തിരികെ വരുന്നവിധംമാണ് ബോട്ട് യാത്ര. ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനളും ബോട്ടിൽ സജ്ജമാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഭൂതത്താൻകെട്ടിലെ വാച്ച് ടവറിൽനിന്ന് നോക്കിയൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വനദൃശ്യം കാണാം. രാത്രിയുടെ വന്യത ആസ്വദിച്ച് വനത്തിനുള്ളിൽ താമസിക്കാൻ വനത്തിനുള്ളിൽ ട്രീ ഹൗസും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിൽ പക്ഷി നിരീക്ഷണം നടത്താനുള്ള സൗകര്യം വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫ്രോഗ് മൗത്ത് പക്ഷികളെ അടുത്തു കാണാൻ ഇവിടെ സാധിക്കും. തട്ടേക്കാട് എത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളൊമൊരുക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻസി ടി ഔസേഫ് പറഞ്ഞു.









0 comments