രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണോദ്‌ഘാടനം ഇന്ന്
ചെല്ലാനത്ത് ഉയരും ആഹ്ലാദത്തിരകള്‍

ചെല്ലാനത്തു സ്ഥാപിച്ച ടെട്രാപോഡ് ഭിത്തിയും നടപ്പാതയും
കൊച്ചി
ചെല്ലാനത്ത് സംസ്ഥാന സർക്കാർ നിർമിക്കുന്ന രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ നിർമാണോദ്‌ഘാടനം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ 3.30ന് പുത്തൻതോട് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പൂർത്തീകരിച്ച ഒന്നാംഘട്ട ടെട്രാപോഡ് കടൽഭിത്തിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
പുത്തൻതോടുമുതൽ മാനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നത്. പൂർത്തീകരിക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് കടലാക്രമണത്തിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടും. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും രണ്ടാംഘട്ട നിർമാണത്തിനായി ഉപയോഗിക്കും. ഇതിനായി സംസ്ഥാന സർക്കാർ 404 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബിയാണ് തുക അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.
കടലാക്രമണത്തിൽനിന്ന് തീരദേശവാസികളെയും തീരത്തെയും സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ 7.30 കിലോമീറ്ററിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണം പൂർത്തിയാക്കിയിരുന്നു.










0 comments