ad
Deshabhimani

ചെല്ലാനത്ത് 751 കോടിയുടെ തീരസംരക്ഷണ പദ്ധതി

കരുതലിന്റെ കോട്ട കെട്ടി കരുത്തോടെ ചെല്ലാനം

Tetrapod

ചെല്ലാനത്ത്‌ നിർമാണം പൂർത്തീകരിച്ച ടെട്രാപോഡ് കടൽഭിത്തിയും രണ്ടാംഘട്ട കടൽഭിത്തി നിർമാണവും ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്‌, കൊച്ചി രൂപത മെത്രാൻ 
ഡോ. ആന്റണി കാട്ടിപ്പറമ്പിൽ തുടങ്ങിയവർ സമീപം

avatar
സ്വന്തം ലേഖകൻ

Published on Mar 08, 2026, 02:55 AM | 3 min read

കൊച്ചി


ആർത്തലച്ചെത്തുന്ന തിരമാലകളെ പേടിക്കേണ്ട. ക്യാന്പുകളിലേക്ക്‌ ഓടേണ്ട. സ്വസ്ഥമായി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കടലാക്രമണം പേടിച്ച്‌ നാടുവിട്ടവർ മടങ്ങിയെത്തുന്നു. പുതിയ വീടുകൾ ഉയരുന്നു. രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനം ഇന്ന്‌ ഓർമകളിൽ മാത്രം. ചെല്ലാനം ഇന്ന്‌ ശാന്തമായി ഉറങ്ങുകയാണ്‌. മനസ്സ്‌ തുറന്ന്‌ ചിരിക്കുന്നു.


പണ്ട്‌ മാനം ഇരുണ്ടാലും തിരയൊന്ന്‌ ആഞ്ഞടിച്ചാലും ചെല്ലാനത്തുകാരുടെ നെഞ്ചുലയുമായിരുന്നു. രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനത്ത്‌ ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ച്‌ സംരക്ഷണക്കോട്ട തീർത്തിരിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ഇന്നിപ്പോൾ ടെട്രാപോഡും കടൽക്കാഴ്‌ചയും കാണാൻ ചെല്ലാനത്തേക്ക്‌ സഞ്ചാരികൾ ഒഴുകുകയാണ്‌. ​കഷ്ടതകളുടെയും യാതനകളുടെയും കാലം മറന്ന്‌ ചെല്ലാനത്തുകാരുടെ മനസ്സ്‌ ശാന്തമാകുന്നു.


കടലാക്രമണം പഴങ്കഥയാക്കിയ ആദ്യഘട്ട ടെട്രാപോഡ്‌ കടൽഭിത്തി സംസ്ഥാനസർക്കാർ നിർമിച്ചത്‌ 347 കോടി ചെലവിൽ. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചത്. ഇതോടൊപ്പം പുലിമുട്ടും തീരദേശ നടപ്പാതയും നിർമിച്ചു. ഒന്നരവർഷംകൊണ്ട് കടലാക്രമണത്തെ ചെറുക്കാൻ സമഗ്രപദ്ധതി തയ്യാറാക്കിയ സർക്കാരിനോടും കെ ജെ മാക്സി എംഎൽഎയോടും നന്ദി പറയുകയാണ് ചെല്ലാനത്തുകാർ.


പുത്തൻതോടുമുതൽ മനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നത്‌. പൂർത്തീകരിക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് കടലാക്രമണത്തിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടും. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും ഇതിനായി സംസ്ഥാന സർക്കാർ 404 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബിയാണ് തുക അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്‌ കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.


2020 ജൂണിലെ കടലാക്രമണം ചെല്ലാനത്തെ മുഴുവൻ വീടുകളിലും നാശംവിതച്ചിരുന്നു. പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുറം, ആലുങ്കൽ കടപ്പുറം എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് നേരിട്ടത്. 2021ൽ രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്‌റ്റിൻ എന്നിവർ ചെല്ലാനത്ത് എത്തി ടെട്രാപോഡ് കടൽഭിത്തി പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാന്റെ പിന്തുണയും പദ്ധതിയെ വേഗത്തിലാക്കി. തുടർന്ന് അതിവേഗം നടപടി സ്വീകരിച്ചു.


തീരജനതയുടെ സുരക്ഷയ്‌ക്ക്‌ 
മുന്തിയ പരിഗണന: മുഖ്യമന്ത്രി


കൊച്ചി


മത്സ്യത്തൊഴിലാളികളുടെയും തീരജനതയുടെയും സുരക്ഷയ്‌ക്ക്‌ സർക്കാർ മുന്തിയ പരിഗണന നൽകിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതി ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ടം നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ​


മുൻകാലങ്ങളിൽ കാലാവസ്ഥ മാറുമ്പോൾ ഭയപ്പാടിലായിരുന്ന തീരദേശത്തെ വീടുകളിൽ ഇന്ന് ആശ്വാസകരമായ അന്തരീക്ഷമാണ്. സമുദ്ര സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും സർക്കാർ കാര്യക്ഷമമാക്കി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള 'പുനർഗേഹം' പദ്ധതിയും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും വിദേശ പഠനത്തിനും സർക്കാർ അവസരമൊരുക്കുന്നുണ്ട്.​


ഒരു കാലത്ത് വിഷമകരമായ സാഹചര്യം നേരിട്ട പ്രദേശമായിരുന്നു ചെല്ലാനം. സംസ്ഥാനത്തെ തീരദേശത്തെ പത്ത് പ്രധാന 'ഹോട്ട് സ്പോട്ടുകളിൽ' ഒന്നായി ചെല്ലാനത്തെ അടയാളപ്പെടുത്തിയിരുന്നു. ടെട്രാപോഡ്‌ കടൽഭിത്തിയുടെ രണ്ടാംഘട്ടവും പൂർത്തിയാകുന്നതോടെ കടൽക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ഗണ്യമായി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷനായി. കെ ജെ മാക്‌സി എംഎൽഎ സ്വാഗതം പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ്‌, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്‌, കൊച്ചി മെത്രാൻ ഡോ. ആന്റണി കാട്ടിപറന്പിൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌, ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ, ചെല്ലാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി അഗസ്‌റ്റിൻ, കിഫ്‌ബി സിഇഒ കെ എം എബ്രഹാം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ്‌ കോർപ്പറേഷൻ സിഇഒ എസ്‌ തിലകൻ തുടങ്ങിയവർ സംസാരിച്ചു.


സംസ്ഥാനത്തിന്റെ വലിയ സന്തോഷത്തിന്റെ പ്രതീകം: റോഷി അഗസ്‌റ്റിൻ


കൊച്ചി


ചെല്ലാനം സംസ്ഥാനത്തിന്റെ വലിയ സന്തോഷത്തിന്റെ പ്രതീകമാണെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. മഴക്കാലമായാൽ വീടുവിട്ട്‌ ഒഴിയേണ്ടിവന്നവരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായി. ചെല്ലാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌ മന്ത്രിമാരായ പി രാജീവും സജി ചെറിയാനും താനും ആന്റണി രാജുവും കെ ജെ മാക്‌സി എംഎൽഎയും ഒന്നിച്ച്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാണ്‌ ഒന്നാംഘട്ടം യാഥാർഥ്യമാക്കിയത്‌. രണ്ടാംഘട്ടത്തെക്കുറിച്ച്‌ സംസാരിച്ചപ്പോൾ, ആശങ്കപ്പെടേണ്ട എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ചെല്ലാനത്തുകാർ അനുഭവിച്ച വിഷമങ്ങൾ തീർത്ത കവചമാണ്‌ ഇ‍ൗ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home