എസ്‌എസ്‌കെയെ തകർക്കുന്ന നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം അലയടിച്ചു

teachers protest aluva
വെബ് ഡെസ്ക്

Published on Dec 19, 2024, 03:47 AM | 1 min read


കൊച്ചി

കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ കേരളയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ടിഎ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ജില്ലകളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് അധ്യാപകർ മാർച്ചും ധർണയും നടത്തി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതിക സൗകര്യ വികസനത്തിലും ഗുണനിലവാരം വർധിപ്പിക്കുന്നതിലും സമഗ്രശിക്ഷ പദ്ധതി കാര്യക്ഷമമായാണ് ഇടപെടുന്നത്.


വിദ്യാലയത്തിൽ വരാൻകഴിയാത്ത കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസവും കേരളത്തിൽ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. എന്നാൽ, പദ്ധതിനടത്തിപ്പിന് ആവശ്യമായ 60 ശതമാനം തുക സംസ്ഥാനത്തിന് നൽകാത്തതിനാൽ പദ്ധതി അവതാളത്തിലാണ്. കേന്ദ്രസർക്കാർ വിഹിതം നൽകാതിരുന്നാൽ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആറായിരത്തിലധികംപേരുടെ ശമ്പളം മുടങ്ങും. തുടങ്ങിവച്ച ഭൗതിക,- അക്കാദമിക പ്രവർത്തനങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും.


കെഎസ്‌ടിഎ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ അധ്യക്ഷനായി. എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ് ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി വിശദീകരണം നടത്തി. ആലുവ ഹെഡ് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ വിശദീകരണം നടത്തി.


കോതമംഗലം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ സി പി എസ്‌ ബാലൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ എന്നിവർ വിശദീകരിച്ചു. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ്‌ ഓഫിസിനുമുന്നിൽ സി കെ സോമൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, എൽദോ ജോൺ എന്നിവർ വിശദീകരണം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home