പറവൂർ താലൂക്കാശുപത്രി
ശ്വാസതടസ്സം നേരിട്ടാൽ പെട്ടു; നെബുലൈസേഷന് ഉപകരണമില്ല

പറവൂർ
മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു. കൃത്യസമയത്ത് നെബുലൈസേഷൻ ലഭിക്കാത്തതാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. ആവശ്യത്തിന് നെബുലൈസേഷൻ ഉപകരണങ്ങളില്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ചെറിയകുട്ടികൾമുതൽ പ്രായമായവർവരെയുള്ളവർ ഇതുമൂലം ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്.
നിലവിൽ ആശുപത്രിയിൽ ഒരു നെബുലൈസേഷൻ മെഷീൻമാത്രമാണുള്ളത്. ഒരേസമയം ഒന്നിലധികം രോഗികൾ എത്തിയാൽ കാത്തിരിക്കേണ്ടിവരുന്നു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികൾക്ക് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ആശുപത്രിയിലെ സൗകര്യക്കുറവ് പരിഹരിക്കാൻ പുതിയ നെബുലൈസേഷൻ മെഷീനുകൾ സ്പോൺസർ ചെയ്യാൻ സുമനസ്സുകൾ തയ്യാറായിട്ടും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് തുടർനടപടി വൈകിക്കുന്നുവെന്നാണ് ആക്ഷേപം. രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് ആവശ്യത്തിന് നെബുലൈസേഷൻ മെഷീനുകൾ ലഭ്യമാക്കാൻ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.









0 comments