മൂവാറ്റുപുഴയിലെ റോഡ് ഉദ്‌ഘാടന നാടകം : എസ്‌ഐക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ
ടൗൺറോഡ് വികസനം പൂർത്തിയാകുംമുമ്പ് മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശപ്രകാരം റോഡ് ഉദ്ഘാടനംചെയ്ത മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ പി സിദ്ദിഖിനെ സസ്പെൻഡ് ചെയ്തു. സർക്കാരിന്റെയോ ഉന്നത പൊലീസുദ്യോഗസ്ഥന്റെയോ നിർദേശവും അനുമതിയും ഇല്ലാതെ സർക്കാർ പൊതുപരിപാടി ഉദ്ഘാടനം ചെയ്തതിനാണ് സസ്പെൻഷൻ. റേഞ്ച് ഡിഐജിയുടേതാണ് നടപടി.
ടാറിങ്ങിന്റെ പ്രാഥമികഘട്ടം പൂർത്തിയായപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎ അവിടെയുണ്ടായിരുന്ന കെ പി സിദ്ദിഖിനെക്കൊണ്ട് റോഡ് തുറന്നുകൊടുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. നഗരസഭാ ചെയർമാൻ പി പി എൽദോസും കോൺഗ്രസ് നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. വെള്ളി വൈകിട്ടാണ് സംഭവം. സംസ്ഥാന സർക്കാർ ഇടപെടലിൽ കിഫ്ബിയുടെ സഹായത്തോടെ കെആർഎഫ്ബിയാണ് മൂവാറ്റുപുഴ പട്ടണത്തിലെ റോഡുകൾ നവീകരിക്കുന്നത്. പിഒ ജങ്‌ഷനിലും കച്ചേരിത്താഴത്തും നിർമാണവും ടാറിങ്ങും പൂർത്തിയായിട്ടില്ല. മറ്റിടങ്ങളിൽ അവസാനഘട്ട ടാറിങ് നടത്തി. മീഡിയനുകൾ, സീബ്രാ ലൈനുകൾ, ഇരുവശത്തും നടപ്പാതകൾ, കൈവരികൾ തുടങ്ങിയവ സ്ഥാപിക്കാനുണ്ട്. ഇതിനിടെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്‌ഘാടന നാടകം അരങ്ങേറിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. സിപിഐ എം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.
വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതനിയന്ത്രണത്തിൽ തൽക്കാല ഇളവ് അനുവദിക്കാം എന്നിരിക്കെ ട്രാഫിക് എസ്ഐയെക്കൊണ്ട് ഉദ്ഘാടനം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മാറി.








0 comments