ad
Deshabhimani

എംഎ എൻജിനീയറിങ്‌ കോളേജിലെ വിദ്യാർഥിയുടെ മരണം

വീണ്ടും വിദ്യാർഥി പ്രതിഷേധം; 
ആവശ്യങ്ങൾ അംഗീകരിച്ച്‌ മാനേജ്‌മെന്റ്‌

Student Death

കോതമംഗലം എംഎ എൻജിനീയറിങ്‌ കോളേജിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Aug 19, 2026, 01:02 AM | 2 min read

കോതമംഗലം

അരുണാചൽ പ്രദേശ്‌ സ്വദേശിയായ വിദ്യാർഥി ജീവനൊടുക്കിയ കോതമംഗലം എംഎ എൻജിനീയറിങ്‌ കോളേജിൽ വീണ്ടും ശക്തമായ പ്രതിഷേധം. തിങ്കള്‍ രാത്രി കോളേജ് ഇറക്കിയ സര്‍ക്കുലറിനെ തുടർന്നാണ്‌ ചൊവ്വാഴ്‌ച സമരം തുടങ്ങിയത്. ഇതോടെ വിദ്യാർഥികളുമായി മാനേജ്‌മെന്റ്‌ ചർച്ചയ്‌ക്ക്‌ തയ്യാറായി. തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

വിദ്യാർഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആഭ്യന്തര അന്വേഷണസമിതി രൂപീകരിക്കുമെന്ന്‌ മാനേജ്‌മെന്റ്‌ രേഖാമൂലം ഉറപ്പ്‌ നൽകി.


മിച്ചി മര്‍പു ജീവനൊടുക്കാനിടയായ സാഹചര്യവും വിദ്യാര്‍ഥികള്‍ ഉന്നയിച്ച 12 ആവശ്യങ്ങളും സമിതി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിവില്‍ എന്‍ജിനീയറിങ് വകുപ്പ് അധ്യക്ഷൻ, കെടിയു കോ- ഓർഡിനേറ്റർ എന്നിവർ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കും. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ല. വിദ്യാർഥി യൂണിയന്റെ കാലാവധി നീട്ടി നല്‍കുമെന്നും ഉറപ്പ്‌ നൽകി.


എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് രതുകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സെക്രട്ടറി ബേസിൽ പറക്കുടി എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്‌ അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ്, പ്രിൻസിപ്പല്‍ ബോസ് മാത്യു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വൻ പൊലീസ് സംഘവും കോളേജില്‍ എത്തിയിരുന്നു.

മിച്ചി മർപുവിന്റെ മരണത്തിലേക്ക്‌ നയിച്ച ക്രെഡിറ്റ്‌ സ്‌കോർ സംബന്ധിച്ച്‌ മാനേജ്‌മെന്റ്‌ ഇറക്കിയ സർക്കുലറിനെ തുടർന്നാണ്‌ വിദ്യാർഥികൾ ചൊവ്വാഴ്‌ച പ്രതിഷേധവുമായി രംഗത്തെത്തിയത്‌.


മിച്ചി മർപുവിന് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടുമായി കോളേജിലെ മുഴുവൻ വിദ്യാർഥികളും രംഗത്തിറങ്ങി. എംഎ കോളേജ്‌ അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസിന്റെ വാഹനം വിദ്യാര്‍ഥികള്‍ ഗേറ്റില്‍ തടഞ്ഞു. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടന പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉച്ചയോടെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. തുടര്‍ന്നായിരുന്നു ചർച്ച.


ഇയർബാക്ക് ആയതില്‍ മനംനൊന്താണ് മിച്ചി മർപു ജീവനൊടുക്കിയത്‌. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും ക്രെഡിറ്റ് പരിധി 18 ആണ്. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർക്ക് ഒരുവർഷം നഷ്ടമാകും. ഇവരെ ഹോസ്റ്റലിൽനിന്ന് പുറത്താക്കും. മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home