തുരത്തണം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ

കൊച്ചി
അരനൂറ്റാണ്ടുമുമ്പുള്ള ആ കരിനിഴൽക്കാലം അവരുടെ കൺമുന്നിൽ ഇപ്പോഴുമുണ്ട്. പൊലീസ് രാത്രി വീട്ടിൽനിന്ന് കൊണ്ടുപോയതും ജയിലിലെ യാതനകളും നേരിട്ട കൊടിയ മർദനങ്ങളുമെല്ലാം അവർ ഓർത്തെടുത്തു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനമുന്നേറ്റം ഉയരണമെന്നും അവർ ഒരേസ്വരത്തിൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് മിസ, ഡിഐആർ നിയമങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ച രാഷ്ട്രീയ തടവുകാരാണ് ബുധനാഴ്‌ച ഒത്തുകൂടിയത്. തമ്പാൻ തോമസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗമത്തിന് വേദിയായത് മുതിർന്ന സിപിഐ എം നേതാവ് കെ എൻ രവീന്ദ്രനാഥിന്റെ ഇടപ്പള്ളിയിലെ വീട്. കെ എൻ രവീന്ദ്രനാഥ്, തമ്പാൻ തോമസ്, എം കെ കണ്ണൻ, എം ടി കുര്യൻ, കെ എ അലി അക്ബർ, കെ പി ജോബ്, ജോൺ ജോസഫ് എന്നിവർ ഓർമകൾ പങ്കുവച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് താൻ അറസ്‌റ്റിലായതെന്ന് കെ എൻ രവീന്ദ്രനാഥ് പറഞ്ഞു. ഭാര്യ ഇന്ദിരയും മകൻ മധുവും വാക്കുകൾക്ക് കാതോർത്തു. അടിയന്തരാവസ്ഥയ്ക്ക് സമാനമായി രൂപപ്പെട്ടുവരുന്ന ഭീകരാവസ്ഥയെ നേരിടാൻ വലിയ ജനമുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജഡ്‌ജിയാക്കാമെന്ന വാഗ്‌ദാനം ലഭിച്ച കാര്യം തമ്പാൻ തോമസ് ഓർമിച്ചു. വീടുവളഞ്ഞ് രാത്രി അറസ്‌റ്റ് ചെയ്യുന്നതിന് മുമ്പായിരുന്നു കേന്ദ്രമന്ത്രി എ സി ജോർജിന്റെ വാഗ്‌ദാനം. സോഷ്യലിസ്‌റ്റ് പാർടിയിൽനിന്ന് രാജിവയ്‌ക്കാനോ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽനിന്ന് പിൻമാറാനോ തയ്യാറല്ലെന്ന് മറുപടി നൽകിയെന്നും തമ്പാൻ തോമസ് ഓർമിച്ചു.
കലാഭവനിലെ ആബേലച്ചന്റെ മുറിയിൽ ആറു ദിവസം ഒളിവിൽ കഴിഞ്ഞശേഷം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ അറസ്‌റ്റിലായത് കെ എ അലി അക്ബർ വിശദീകരിച്ചു.
കോട്ടയത്ത് ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മർദിച്ച് പല്ലുകൾ ഇളക്കിയത് മിസ തടവുകാരൻ ചങ്ങനാശേരി സ്വദേശി എം ടി കുര്യൻ പറഞ്ഞു. ഇളകിയ പല്ലുകൾ സ്മാരകമായി സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിയ്യൂർ, പൂജപ്പുര ജയിലുകളിലെ ദുരനുഭവങ്ങൾ എം കെ കണ്ണൻ വിശദീകരിച്ചു. കെ എം സുധാകരന്റെ കുറിപ്പ് പി എൻ സീനുലാൽ വായിച്ചു. പങ്കെടുത്തവർ എം എം ലോറൻസിനെയും എം കെ പ്രേംനാഥിനെയും അനുസ്മരിച്ചു.
പ്രൊഫ. എം കെ സാനു, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എസ് സതീഷ്, കെ എൻ ഗോപിനാഥ്, ദീപ വർമ, എം എം ലോറൻസിന്റെ മകൻ സജീവ് ലോറൻസ്, എ ജി ഉദയകുമാർ, കെ വി അനിൽകുമാർ, എൻ ഡി പ്രേമചന്ദ്രൻ, ജോയ് ശങ്കർ, ബാബു തണ്ണിക്കോട്, ടോമി മാത്യു, ജോസഫ് ജൂഡ് എന്നിവർ സംസാരിച്ചു.









0 comments