Deshabhimani

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പ്‌

പോൾവോൾട്ട് ആകാശം കീഴടക്കി ജീന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 12:55 AM | 1 min read

കൊല്ലം


പ്രതിസന്ധികളുടെ കനൽവഴികളിൽനിന്ന്‌ ആകാശത്തിന്റെ നീലിമയിലേക്ക് പറന്നുയർന്നൊരു പെൺകൊടി അണ്ടർ 20 പോൾവോൾട്ട് പിറ്റിൽ കുറിച്ചത് സുവർണ ചരിത്രം. മൂക്കിൽ ചോരപൊടിഞ്ഞ പരിക്കിന്റെ നോവിലും തളരാതെ, 3.85 മീറ്ററിന്റെ പുതിയ ദേശീയ റെക്കോഡിലേക്കാണ്‌ ജീന പറന്നിറങ്ങിയത്‌. 3.80 മീറ്ററായിരുന്നു മുൻ റെക്കോഡ്‌. പുതിയ സംസ്ഥാന റെക്കോഡും ജീനയുടെ പേരിലായി.

കോതമംഗലം മാർ ബേസിൽ സ്കൂളിലൂടെ വളർന്ന്, നിലവിൽ ഇരി‍ങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാംവർഷ ബിഎസ്ഡബ്ല്യു വിദ്യാർഥിനിയാണീ പത്തൊമ്പതുകാരി. 2021 മുതൽ ട്രാക്കിൽ അജയ്യയാണ്. പത്തുമുതൽ പ്ലസ്‌ടുവരെ സംസ്ഥാനതലത്തിൽ തുടർച്ചയായി മൂന്നു സ്വർണം നേടിയ ജീന, പങ്കെടുത്ത അഞ്ച് സംസ്ഥാന സ്കൂൾ മീറ്റുകളിൽ അഞ്ചിലും മെഡൽ മുത്തമിട്ടിട്ടുണ്ട്. രണ്ടുതവണ ദേശീയ മത്സരങ്ങളിലും സ്വർണമണിഞ്ഞു. കഴിഞ്ഞ ജൂനിയർ മീറ്റിൽ മൂന്നാമതെത്തി. കർഷകനായ കോതമംഗലം ഊന്നുകൽ വെള്ളമാക്കൽ പുതുപ്പാടിയിൽ ബേസിലിന്റെയും മഞ്ജുവിന്റെയും മകളായ ജീന, കടുത്ത സാമ്പത്തിക പ്രതിസന്ധികളെ കാറ്റിൽപ്പറത്തിയാണ് ഉയരങ്ങൾ കീഴടക്കിയത്. സി ആർ മധു എന്ന പരിശീലകന്റെ കീഴിൽ അഞ്ചുവർഷമായി നടത്തുന്ന കഠിന പ്രയത്നമാണ് വിജയത്തിനു പിന്നിൽ. മത്സരത്തിൽ 3.90 മീറ്റർ താണ്ടാനുള്ള ശ്രമത്തിനിടെ പോൾവീണ് മൂക്കിന് നിസ്സാര പരിക്കേറ്റെങ്കിലും അതിനകം കായികകേരളം കാത്തിരുന്ന റെക്കോഡ് ഈ പ്രതിഭ സ്വന്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home