ad
Deshabhimani

നവീകരിച്ച സംസ്ഥാനപാത 
നാടിന്‌ സമർപ്പിച്ചു

state highway
വെബ് ഡെസ്ക്

Published on Feb 17, 2026, 02:15 AM | 1 min read


വൈപ്പിൻ

ദ്വീപിന്റെ ഏക നഗരപാത ഇനി സുരക്ഷാപൂർണം. ലോകബാങ്ക് ധനസഹായത്തോടെ ചലഞ്ച് ഫണ്ടിൽ കെഎസ്ടിപി രണ്ട്‌ പദ്ധതിയിൽ 36 കോടി രൂപയ്ക്ക്‌ സുരക്ഷാ ഏർപ്പാടുകൾ പൂർത്തിയാക്കിയ വൈപ്പിൻ–പള്ളിപ്പുറം സംസ്ഥാനപാത പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ്- ഓൺലൈനായി നാടിന്‌ സമർപ്പിച്ചു.


മുപ്പതാണ്ടിന് അപ്പുറം നടക്കേണ്ട പ്രവൃത്തികൾ നടപ്പാക്കാനായെന്ന് മന്ത്രി പറഞ്ഞു. ഇതിന് കിഫ്ബി, നബാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തുണയായെന്നും മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചു.


എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന തത്സമയപരിപാടിയിൽ കെ എൻ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.പുതിയ കാലം, പുതിയ നിര്‍മാണം എന്ന ആശയം ഉള്‍ക്കൊണ്ടാണ് പശ്ചാത്തലവികസനത്തില്‍ നാഴികക്കല്ലായ വൈപ്പിന്‍ ജെട്ടിമുതല്‍ മുനമ്പം ജെട്ടിവരെ 25 കിലോമീറ്ററിലേറെ നീളത്തില്‍ റോഡ് നവീകരണം പൊതുമരാമത്തുവകുപ്പ് പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ പൊതുജീവിതത്തെയും മത്സ്യബന്ധന, ടൂറിസം മേഖലകളെയും ഗുണകരമായി ഈ പാത സ്വാധീനിക്കും. വിദേശ ടൂറിസ്റ്റുകളും ആഭ്യന്തര ടൂറിസ്റ്റുകളും കൂടുതലായി ആശ്രയിക്കുന്ന റോഡ് എടവനക്കാട്, മുനമ്പം, കുഴുപ്പിള്ളി, ചെറായി എന്നീ ബീച്ചുകളിലേക്കുള്ള ലിങ്ക് റോഡുകളെയും ബന്ധിപ്പിക്കുന്നു.


കാലപ്പഴക്കംമൂലം നശിച്ച മൂന്നു കലുങ്കുകള്‍ പുനര്‍നിര്‍മിച്ചതായി എംഎൽഎ വ്യക്തമാക്കി. മൊത്തത്തില്‍ ഏകദേശം ഏഴു കിലോമീറ്റര്‍ വീതി വര്‍ധിപ്പിച്ചു. റോഡ് മാര്‍ക്കിങ്ങുകള്‍, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകള്‍, നിരീക്ഷണ കാമറകള്‍, നടപ്പാതകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ജങ്‌ഷനുകളില്‍ കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാവേലികളും സീബ്ര ക്രോസിങ്ങുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിളക്കു കൊളുത്തിയ കെ എൻ ഉണ്ണിക്കൃഷ്ണൻ ശിലാഫലകത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കെ എം തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.


വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ എ സാജിത്, ഇ കെ ജയൻ, ജില്ലാപഞ്ചായത്ത് അംഗം കെ എസ് നിബിൻ, ബ്ലോക്ക് അംഗം ഹരിത ബൈജു, പൊതുമരാമത്ത് എഎക്സ്ഇ പി സിനോജ് ജോയി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home