സെന്റ് മേരീസ് എൽപി സ്‌കൂൾ പുനർനിർമാണം അവസാനഘട്ടത്തിലേക്ക്

പുനർ നിർമാണം അവസാനഘട്ടത്തിലായ അങ്കമാലി സെന്റ് മേരീസ് എൽപി സ്കൂൾ
അങ്കമാലി
അങ്കമാലി ബസിലിക്ക മാനേജ്മെന്റിനുകീഴിലെ സെന്റ് മേരീസ് എൽപി സ്കൂളിന്റെ പുനർനിർമാണം അവസാന ഘട്ടത്തിലേക്ക് കടന്നു. പൂർത്തിയാക്കാൻ ഉദാരമനസ്‌കരുടെ സഹായം അനിവാര്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
1893 ഒക്ടോബർ ഏഴിന് സ്ഥാപിതമായ സ്‌കൂളിന് 1913ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.
1920-കളുടെ തുടക്കത്തിൽ മാനേജരായിരുന്ന ഫാ. സിറിയക് വെട്ടിക്കാപ്പിള്ളിയുടെ കാലയളവിൽ സ്കൂൾ വിപുലീകരിച്ചു. 1992ൽ ഫാ. ജോർജ് പുതുശേരിയുടെ കാലയളവിൽ സ്കൂൾ സെന്റ് ജോസഫ്സ് ഹൈസ്കൂളിനോട് ചേർന്നുള്ള ഭാഗത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ ബലക്ഷയം പുനർനിർമാണം അനിവാര്യമാക്കി. രണ്ടുനിലകളിലായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് 10,497 ചതുരശ്രയടി വിസ്തീർണം വരും. ഒമ്പത് ക്ലാസുമുറികളുണ്ട്. സ്മാർട്ട് ക്ലാസ്‌മുറി, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. ശുചിമുറി സൗകര്യവും കളിസ്ഥലവും ഒരുക്കുന്നുണ്ട്.
പുനർനിർമാണം പൂർത്തിയാക്കാൻ ഉദാരമതികൾ സഹായിക്കണമെന്ന് സ്കൂൾ മാനേജർ ഫാ. ലൂക്കോസ് കുന്നത്തൂർ, എഡ്യുക്കേഷൻ കൗൺസിൽ കൺവീനർ സെബി വർഗീസ് മാണിക്യത്താൻ, ട്രസ്റ്റിമാരായ ജീസൺ മുണ്ടാടൻ, ബാബു മഞ്ഞളി എന്നിവർ അഭ്യർഥിച്ചു.









0 comments