ഓർമകൾ ബാക്കി, ശ്രീലക്ഷ്മി ബുക്ക് സ്റ്റാൾ അടയ്ക്കുന്നു

ലക്ഷ്മി ബസാറിലെ ശ്രീലക്ഷ്മി ബുക്ക് സ്റ്റാളിൽ ഉടമ വെങ്കട്ട് മല്ല്യ
മട്ടാഞ്ചേരി
പശ്ചിമ കൊച്ചിയുടെ പുസ്തകവഴിയിലെ പ്രധാനാധ്യായത്തിനുകൂടി തിരശ്ശീല വീഴുകയാണ്.
1977-ൽ ലക്ഷ്മി ബസാറിൽ ആരംഭിച്ച ശ്രീലക്ഷ്മി ബുക്ക് സ്റ്റാൾ 49 വർഷത്തിനുശേഷം അടയ്‌ക്കുകയാണ്. തലമുറകളുടെ പഠനജീവിതത്തിന്റെ ഭാഗമായിരുന്നു ശ്രീലക്ഷ്മി ബുക്ക് സ്റ്റാൾ.
ടെക്‌സ്റ്റ് ബുക്കുകൾ, നോട്ട്ബുക്കുകൾ, ഡയറി, സ്കൂൾ സ്റ്റേഷനറി തുടങ്ങി വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ പഠനോപകരണങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു സ്ഥാപനം. സിബിഎസ്ഇ പുസ്തകങ്ങൾക്കായി കോഴിക്കോടുവരെ പോയി സ്റ്റോക്ക് എത്തിച്ചിരുന്നു ഒരു കാലത്ത്. മറ്റു ജില്ലകളിൽനിന്നുപോലും പുസ്തകങ്ങൾ തേടി ആളുകളെത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങൾപോലും ഓഫീസ് സ്റ്റേഷനറികൾ മൊത്തമായി വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഒരു സ്കൂൾ മാസികയുടെ 4,000 കോപ്പികൾവരെ വിറ്റത് ഉടമ വെങ്കട്ട് മല്ല്യ ഓർക്കുന്നു.
കാലം മാറിയതോടെ പുസ്തകക്കച്ചവടത്തിലും മാറ്റങ്ങളുണ്ടായി. സിലബസുകളിലെ മാറ്റം, കോവിഡിന് ശേഷം ഡിജിറ്റൽ കോപ്പികൾക്ക് ലഭിച്ച സ്വീകാര്യത, ഓൺലൈൻ പ്രിന്റിങ് സൗകര്യം എന്നിവയെല്ലാം വന്നതോടെ പുസ്തകങ്ങൾ വാങ്ങാനെത്തുന്നവർ കുറഞ്ഞു. കച്ചവടം കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതുമാണ് സ്ഥാപനം പൂട്ടാൻ തീരുമാനിച്ചതെന്ന് വെങ്കട്ട് പറഞ്ഞു.
പുതിയ അധ്യയനവർഷത്തിന്റെ തിരക്കിൽ പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങാനെത്തിയ കുട്ടികൾ, പരീക്ഷക്കാലത്തെ തിരക്ക്, സ്കൂൾ മാസികകൾ തേടിയെത്തിയവർ, ഓഫീസുകളുടെ സ്റ്റേഷനറി ആവശ്യങ്ങൾക്കായി എത്തിയ ജീവനക്കാർ—അങ്ങനെ അനേകം തലമുറകളുടെ ഓർമകളാണ് ശ്രീലക്ഷ്മി ബുക്ക് സ്റ്റാളിന്റെ ഷട്ടറിനപ്പുറം മറയുന്നത്. ബുക്ക് സ്റ്റാൾ അടയ്ക്കുമ്പോൾ ലക്ഷ്മി ബസാറിന്റെ പഴയ കാലത്തിന്റെ ഒരു ഭാഗംകൂടി ചരിത്രത്തിലേക്ക് മായുകയാണ്.









0 comments