ചരിത്രമെഴുതിയ മഹാസമ്മേളനം

കാസർകോട് ‘‘ഇൗ പ്രസ്ഥാനം വടക്കെ മലബാറിൽ മാത്രമല്ല കേരളത്തിലൊട്ടാകെ പടർന്നുപിടിക്കുമെന്ന് ഞാൻ ആശിക്കുന്നു. ഇൗ രാജ്യത്തെ ഇതര യുവാക്കൾക്ക്, സംഘങ്ങൾക്ക് ഇതുവരെ കേൾക്കാത്ത ഇൗ സംഘത്തിൽനിന്ന് പലതും പഠിക്കാനുണ്ട്. ഞാൻ ആന്ധ്രയിലേക്ക് തിരിച്ചുപോവുന്നത് കേരളത്തെപ്പറ്റി ചില മായാത്ത ചില ചിത്രങ്ങൾ മനസ്സിലേന്തിയാണ്’’. ‘വടക്കെ മലബാറിലെ വടക്കെ മൂലയിൽ’ എന്ന പേരിൽ 1939 ജനുവരി 23ന് പുറത്തിറങ്ങിയ പ്രഭാതം പത്രത്തിൽ എ കാമേശ്വരറാവു എഴുതി. ചരിത്രം സൃഷ്‌ടിച്ച കൊടക്കാട് സമ്മേളനത്തെക്കുറിച്ചാണ് കുറിപ്പ്. 1939 ജനുവരി 14, 15 തീയതികളിലായിരുന്നു കർഷക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിവായ കൊടക്കാട് സമ്മേളനം. കർഷകസംഘം, അഭിനവ ഭാരത് യുവക് സംഘം, ബാലസംഘം, മഹിളാ പ്രസ്ഥാനം എന്നിവയുടെ സമ്മേളനമാണ് രണ്ടുദിവസമായി നടന്നത്. മൂന്നുമാസം തികച്ചും സമ്മേളന ലഹരിയിലായിരുന്നു കൊടക്കാട് പ്രദേശം. സമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ പ്രധാനപ്പെട്ട ഘടകം വളണ്ടിയർ സേന രൂപീകരണമായിരുന്നു. ഇവർക്കുള്ള പരിശീലനം ഡിസംബർ ആദ്യംതന്നെ ആരംഭിച്ചിരുന്നു. മുഖ്യപരിശീലകൻ നീലേശ്വരത്തെ എൻ കെ കുട്ടേട്ടനായിരുന്നു. സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻനായർ പൊതുമേൽനോട്ടം വഹിച്ചു. കർഷകസംഘത്തിന്റെയും അഭിനവ ഭാരത് യുവക് സംഘത്തിന്റെയും കാസർകോട് താലൂക്കിലെ പ്രഥമ ഘടകങ്ങൾ നിലവിൽ വന്നത് കൊടക്കാടാണ്. എ വി കുഞ്ഞന്പുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട അഭിനവ് ഭാരത് യുവക് സംഘത്തിന്റെ പ്രവർത്തകരായിരുന്നു കർഷകസംഘത്തിന്റെ രൂപീകരണത്തിന്റെ പിന്നിൽ. എ വിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനത്തിന്റെ മേൽനോട്ടം. ദേശീയനേതാക്കളായ കാമേശ്വര റാവുവും എൻ ജി രങ്കയും സമ്മേളനത്തിനെത്തി. പി കൃഷ്ണപിള്ള, എ കെ ജി, കെ എ കേരളീയൻ തുടങ്ങിയവരുടെ സജീവ സാന്നിധ്യവും സമ്മേളനത്തിലുണ്ടായി. സമ്മേളനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പന്തിഭോജനമായിരുന്നു. നാനാജാതി മതസ്ഥർ ഒരേ പന്തലിൽ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചത് അക്കാലത്തെ വലിയ വിപ്ലവമായിരുന്നു. സമ്മേളനത്തിന്റെ ആദ്യദിനമായ ജനുവരി 14ന് അഭിനവ ഭാരത് യുവക് സംഘത്തിന്റെ നാലാം വാർഷിക സമ്മേളനമായിരുന്നു. കർഷക –കർഷകത്തൊഴിലാളി കുടുംബങ്ങളിലെ സ്‌ത്രീകൾ പങ്കെടുത്ത മഹിളാ സമ്മേളനവും ശ്രദ്ധേയമായിരുന്നു. രണ്ടാം ദിവസമായിരുന്നു കുട്ടികളുടെ സമ്മേളനം. നീലേശ്വരം ഫർക്കാ ബാലസേവാ സമതിയുടെ രണ്ടാം വാർഷിക സമ്മേളനമായിരുന്നു അത്. അവസാനം ചേർന്നത് താലൂക്ക് കർഷകസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനമായിരുന്നു. എണ്ണായിരത്തോളം കർഷകർ പങ്കെടുത്തു.









0 comments