വെള്ളാരപ്പിള്ളിയിലെ സ്‌പിരിറ്റ് ശേഖരം: ഗോഡൗൺ നടത്തിപ്പുകാരൻ അറസ്റ്റിൽ

പി ഡി തോമസ്
കാലടി
കാഞ്ഞൂർ വെള്ളാരപ്പിള്ളിയിൽ വെൽഡിങ് വർക്‌ഷോപ്പിന്റെ മറവിൽ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടിച്ച സംഭവത്തിൽ ഗോഡൗൺ നടത്തിപ്പുകാരൻ. ചൊവ്വര ഇടനാട് സ്വദ്ദേശി പാരപ്പള്ളി വീട്ടിൽ പി ഡി തോമസാണ് (53) അറസ്‌റ്റിലായത്. മറ്റു പ്രതികളായ അയ്യമ്പുഴ കണ്ണിമംഗലം തോണ്ടിയിൽ അമൽ ആന്റണി, ശ്രീമൂലനഗരം തച്ചാരുകുടി നവാസ് എന്നിവർ ഒളിവിലാണ്. തോമസിനെ വ്യാഴാഴ്‌ച പെരുന്പാവൂർ കോടതിയിൽ ഹാജരാക്കും.
605 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 20,638 ലിറ്റർ സ്പിരിറ്റാണ് ആലുവ എക്സൈസ് സംഘം ചൊവ്വാഴ്‌ച പിടിച്ചെടുത്തത്. വ്യാജമദ്യ വിപണിയിൽ ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന ശേഖരമാണിതെന്നാണ് എക്സൈസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്പിരിറ്റിന്റെ ഉറവിടം തിരിച്ചറിയുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു.
എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തുന്നതിനിടെ ഗോഡൗണിൽനിന്ന് ഒരു പിക്കപ് വാഹനം പുറത്തേക്കുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. വാഹനം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് സംഘം ഗോഡൗണിൽ തിരിച്ചെത്തി പരിശോധന നടത്തിയപ്പോഴാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
കൃഷിയിടത്തിന് നടുവിലുള്ള ഒറ്റപ്പെട്ട ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോമസ്, അമൽ ആന്റണി, നവാസ് എന്നിവർ സ്പിരിറ്റ് ശേഖരിച്ച് തെക്കൻ ജില്ലകളിലെയും പാലക്കാട് ജില്ലയിലെയും വ്യാജമദ്യ നിർമാണ- വിതരണ സംഘങ്ങൾക്ക് കൈമാറാൻ പദ്ധതിയിട്ടിരുന്നതായാണ് എക്സൈസ് വിഭാഗത്തിന്റെ കണ്ടെത്തൽ.









0 comments