1,248 ലിറ്റർ സ്‌പിരിറ്റ് പിടിച്ചു
അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

അങ്കമാലി കോതകുളങ്ങരയിൽനിന്ന് എക്‌സൈസ് പിടിച്ചെടുത്ത സ്പിരിറ്റ്
അങ്കമാലി
ഓണക്കാലവിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച 1,248 ലിറ്റർ സ്‌പിരിറ്റുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. കൊല്ലം ചാത്തന്നൂർ പി ജെ നിവാസിൽ രതീഷ് (40), പറവൂർ ചെറിയപല്ലംതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ് (57) എന്നിവരാണ് അറസ്‌റ്റിലായത്. കോതകുളങ്ങരയിൽ ദേശീയപാതയ്‌ക്ക് സമീപത്തെ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ നിന്നാണ് സ്‌പിരിറ്റ് പിടിച്ചത്.
രതീഷ് സന്തോഷ്
സ്‌പിരിറ്റ് എത്തിച്ച് ചെറിയ കുപ്പികളിലാക്കി ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. കട്ട നിർമാണ കന്പനിയോട് ചേർന്നുള്ള മുറിയിൽനിന്ന് അര ലിറ്ററിന്റെ പ്ലാസ്‌റ്റിക് കുപ്പികളും കണ്ടെടുത്തു. വാഹനത്തിൽനിന്ന് സ്‌പിരിറ്റ് ഇറക്കുന്നതിനിടെയാണ് എക്സൈസ് സംഘമെത്തിയത്. കർണാടകയിൽനിന്ന് പിക്കപ് വാനിൽ ഉമിച്ചാക്കുകൾക്ക് അടിയിൽ കന്നാസുകൾ നിരത്തിവച്ചാണ് സ്പിരിറ്റ് എത്തിച്ചത്. 39 കന്നാസുകളിലാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കൊടുങ്ങല്ലൂരിൽ സ്‌പിരിറ്റുമായി പിടിയിലായ സംഘത്തിൽനിന്നുള്ള വിവരങ്ങളെ തുടർന്നാണ് എക്സൈസ് അങ്കമാലിയിൽ പരിശോധന നടത്തിയത്. അങ്കമാലി സ്വദേശി ബൈജുവാണ് യൂണിറ്റ് വാടകയ്ക്ക് എടുത്ത് നടത്തുന്നത്.
പിടിയിലായ പ്രതികൾ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. രതീഷിന് എതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സന്തോഷിന് എതിരെയും മയക്കുമരുന്ന് കേസുണ്ട്. അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ എ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments