മന്ത്രി പി രാജീവിന്റെ ഭവനപദ്ധതി ; 23–-ാമത്തെ വീടിന് കല്ലിട്ടു

കളമശേരി
കളമശേരി മണ്ഡലത്തിൽ സ്ത്രീകൾ കുടുംബനാഥരായ നിർധന കുടുംബങ്ങൾക്കായി 20 വീട് നിർമിച്ചുനൽകുന്ന, മന്ത്രി പി രാജീവിന്റെ "സ്നേഹവീട്' പദ്ധതിയിൽ 23–-ാമത്തെ വീടിന് കല്ലിട്ടു. ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷയായി. വിധവകള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ വീട് നിര്‍മിക്കും.
ഏലൂർ തറമാലിയിൽ പരേതനായ മണക്കപ്പറമ്പിൽ ഷംസുദ്ദീന്റെ ഭാര്യ ഫാത്തിമയ്ക്ക് നിർമിക്കുന്ന വീടിനാണ് മന്ത്രി കല്ലിട്ടത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഷംസുദ്ദീൻ. ഫാത്തിമയ്‌ക്കും നാല് കുട്ടികൾക്കും വാസയോഗ്യമായ കിടപ്പാടമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിക്കാന്‍ മന്ത്രി പി രാജീവ് തീരുമാനിച്ചത്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതി നിർവഹണം. മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്രയടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. ഇതിനകം 14 വീടുകൾ പൂർത്തിയാക്കി താക്കോൽ കൈമാറി. മറ്റുള്ളവ നിർമാണ ഘട്ടത്തിലാണ്.
"ഒപ്പം' സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് "സ്നേഹവീട്' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭാ മുൻ ചെയർപേഴ്സൺ എ ഡി സുജിൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ലീല ബാബു, കെ ബി സുലൈമാൻ, എം എ ഉദയൻ എന്നിവർ സംസാരിച്ചു.










0 comments