മീൻകൂട്ടിൽ കുടുങ്ങിയ മലമ്പാമ്പിനെ പിടികൂടി

വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ റെസ്ക്യൂ ടീം കൂട്ടിലാക്കുന്നു
തൃപ്പൂണിത്തുറ
ഫിഷ്ഫാമിൽ മീനുകളെ വിഴുങ്ങാനെത്തിയ മലമ്പാമ്പ് വലയിൽ കുടുങ്ങി. എരൂർ സ്വദേശി സുരേന്ദ്രനും ആറുസുഹൃത്തുക്കളും ചേർന്ന് നടത്തുന്ന വടക്കേക്കോട്ട കടക്കോടം എരൂർ ഫിഷ്ഫാമിലാണ് മലമ്പാമ്പ് കെണിയിലായത്.
കരിമീൻ, പിലോപ്പി മീനുകളെ വളർത്തുന്ന ഫാമിൽ ഞായർ രാവിലെ ഏഴിനാണ് മലമ്പാമ്പിനെ കണ്ടത്. പുഴയോടുചേർന്ന് പ്രത്യേകം കെട്ടിത്തിരിച്ച ഭാഗത്ത് മീൻ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിലെ മീനുകളെ മുഴുവൻ വിഴുങ്ങിയ മലമ്പാമ്പിന് പുറത്തിറങ്ങാൻപറ്റാതെ വലയിൽ കുരുങ്ങി. രാവിലെ ഫാമിലെത്തിയ സുരേന്ദ്രൻ മീൻകൂട് ഉയർത്തിയപ്പോൾ മീനിനുപകരം കണ്ടത് വലിയ മലമ്പാമ്പിനെയാണ്.
ഉടനെ മലമ്പാമ്പിനെ വലിച്ച് കരയിൽ കയറ്റി. സുഹൃത്തുക്കളെയും വിളിച്ച് തിരിച്ചുവന്നപ്പോൾ വല തകർത്ത് മലമ്പാമ്പ് പുറത്തുചാടിയിരുന്നു. ഏറെ പണിപ്പെട്ട് വീണ്ടും മലമ്പാമ്പിനെ വലയിൽ കുടുക്കിയശേഷം ഇരുമ്പഴിക്കൂടിനകത്താക്കി.
കൗൺസിലർ ജയ പരമേശ്വരനെയും ഫോറസ്റ്റ് സർപ്പ ടീമിന്റെ സ്‌നേക്ക് റെസ്ക്യൂ ടീമിനെയും അറിയിച്ചു. സ്‌നേക്ക് റെസ്ക്യു ടീമിലെ ജിയോയും വിക്കിയും സ്ഥലത്തെത്തി 15 കിലോയുള്ള, ഏഴടിയുള്ള മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.









0 comments